വധു കരഞ്ഞ് പറഞ്ഞിട്ടും വേണ്ടെന്ന് അച്ഛൻ, കല്യാണം മുടക്കി വരന്റെ ഡാൻസ്, വില്ലൻ ‘ചോളി കെ പിച്ചേ ക്യാഹേ’ പാട്ട്

Advertisement

ന്യൂഡൽഹി: വിവാഹ ചടങ്ങിൽ ബോളിവുഡ് ഹിറ്റായ ചോളി കെ പീച്ചേ ക്യാഹേ എന്ന ഗാനത്തിന് നൃത്തം ചെയ്തത് മൂലം ഉണ്ടായ ചെറുതല്ലാത്ത ഒരു പൊല്ലാപ്പാണ് ഡൽഹിയിൽ നിന്ന് പുറത്തുവരുന്നത്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ആ പാട്ടിന് ചുവടുവയ്ക്കാനെടുത്ത ആ തീരുമാനത്തെ ശപിക്കുകയാണ് ഇപ്പോൾ വരൻ. ആ ചുവടുകൾ കലാശിച്ചത് വിവാഹം പോലും ഉപേക്ഷിക്കുന്ന സംഭവത്തിലേക്കാണ്.

ദൃക്സാക്ഷികൾ പറയുന്നത് പ്രകാരം, ചോളി കെ പിച്ചേ ക്യാഹേ എന്ന് തുടങ്ങുന്ന ഗാനം പ്ലേ ചെയ്തതിന് പിന്നാലെ വരന്റെ സുഹൃത്തുക്കൾ ഡാൻസ് ചെയ്യാൻ വിളിച്ചു. ഈ ക്ഷണം വരന് നിഷേധിക്കാനും സാധിച്ചില്ല. ഒടുവിൽ അവൻ ഡാൻസ് ചെയ്തു. അതിഥികളെല്ലാം അയാൾക്ക് പ്രോത്സാഹനം നൽകിയെങ്കിലും വധുവിന്റെ അച്ഛന് ഇതൊന്നും അങ്ങ് ബോധിച്ചിരുന്നില്ല. ഡാൻസിൽ പ്രകോപിതനായ ഇദ്ദേഹം ഉടൻ പാട്ട് നിര്‍ത്താൻ ആവശ്യപ്പെടുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

വരന്റെ പ്രവൃത്തി തന്റെ കുടുംബത്തിന്റെ അന്തസിനെ ചോദ്യം ചെയ്യുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പിന്നാലെ ചടങ്ങിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. വധു കരഞ്ഞുകൊണ്ട്, ഇത് സാധാരണ കാര്യമാണെന്നും ഇതിൽ പ്രകോപിതനാകരുതെന്നും പറഞ്ഞ് അച്ഛനെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ലെന്നും എൻഡിടിവി റിപ്പോര്‍ട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ ഉത്തർപ്രദേശിലെ ചന്ദൗലിയിൽ ഭക്ഷണം വിളമ്പാൻ താമസിച്ചതിന്റെ പേരിൽ വരൻ വിവാഹം വേണ്ടെന്നു വച്ച സംഭവം പുറത്തുവന്നിരുന്നു. അന്നുതന്നെ അയാൾ തന്റെ ബന്ധുവിനെ വിവാഹം കഴിച്ചു. വിവാഹത്തിന് നടത്തിയ ക്രമീകരണങ്ങൾക്ക് ഏഴ് ലക്ഷം രൂപ നഷ്ടമായെന്ന് കാട്ടി വധുവിന്റെ വീട്ടുകാർ പോലീസിൽ പരാതിയും നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here