കൊൽക്കത്ത: ഭർത്താവിന്റെ വൃക്ക വിറ്റുകിട്ടിയ 10 ലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടി യുവതി. പശ്ചിമ ബംഗാളിലാണ് സംഭവം. ഹൌറ ജില്ലയിലെ സംക്രാലി സ്വദേശിനിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. മകളുടെ വിവാഹത്തിനും വിദ്യാഭ്യാസ ആവശ്യത്തിനുമായി പണം കണ്ടെത്താനായി ഭർത്താവിന്റെ വൃക്ക വിൽക്കാനായി യുവതിയുടെ നിർബന്ധത്തിലാണ് ഭർത്താവ് തയ്യാറായത്. ഒരു വർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ദമ്പതികൾക്ക് വൃക്ക വിൽക്കാൻ സാധിച്ചത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുമെന്ന വിശ്വാസത്തിൽ യുവാവ് വൃക്ക വിറ്റത്.
മകളുടെ വിവാഹത്തിനായി ഈ പണം ഉപകാരപ്പെടുമെന്ന് വിശ്വസിച്ചിരുന്ന യുവാവ് ഭാര്യയുടെ അക്കൌണ്ടിലേക്ക് പണം നിക്ഷേപിച്ചത്. എന്നാൽ ഭാര്യയുടെ ഉള്ളിലിരിപ്പിനേക്കുറിച്ച് ചെറിയൊരു ധാരണപോലും യുവാവിന് ഉണ്ടായിരുന്നില്ല. വൃക്ക വിൽപ്പന കഴിഞ്ഞ് കുടുംബത്തിന്റെ അവസ്ഥ മെച്ചപ്പെട്ടെന്ന ധാരണയിൽ വീട്ടിലെത്തിയ യുവാവിനെ കാത്തിരുന്നത് ഭാര്യയുടെ ഒളിച്ചോട്ട വിവരമായിരുന്നു. ഏറെക്കാലമായി ഫേസ്ബുക്കിലൂടെ പരിചയത്തിലായിരുന്ന പെയിന്റിംഗ് തൊഴിലാളിക്കൊപ്പമാണ് യുവതി ഒളിച്ചോടിയത്. കാമുകനൊപ്പം ഒളിച്ചോടുമ്പോൾ ഭർത്താവിന്റെ വൃക്ക വിറ്റ് കിട്ടിയ പണവും യുവതി അടിച്ച് മാറ്റിയാണ് യുവതി പോയത്. പണം നഷ്ടമായതിന് പിന്നാലെ യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഭാര്യയുടേയും കാമുകന്റേയും ഒളിത്താവളം കണ്ടെത്തി പത്ത് വയസുകാരിയായ മകളെയും കൂട്ടി ഭർത്താവ് എത്തിയ ശേഷവും വാതിൽ തുറക്കാൻ പോലും യുവതി തയ്യാറായില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭർത്താവും മകളും കാമുകന്റെ വീട്ടിലെത്തിയതിന് പിന്നാലെ വിവാഹമോചനം വേണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. 1994 മുതൽ രാജ്യത്ത് വൃക്ക വിൽക്കുന്നത് കുറ്റകരമാണ്.