ചെന്നൈ: ചെന്നൈയിൽ 13കാരിയെ ട്രാഫിക് പൊലീസുകാരൻ പീഡിപ്പിച്ചു. സംഭവത്തിൽ രാമൻ എന്ന ട്രാഫിക് പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ജനുവരി 25നാണ് 13കാരി തന്റെ വീട്ടിൽ നിന്ന് 16കാരനായ കാമുകന്റെ വീട്ടിലേക്ക് പോയത്. എന്നാൽ അവിടെ എത്തിയപ്പോൾ പെൺകുട്ടിയെ കാമുകന്റെ അമ്മ വീട്ടിൽ കയറാൻ അനുവദിച്ചില്ല.
എങ്ങോട്ട് പോകണമെന്നറിയാതെ നിന്ന പെൺകുട്ടി വഴിയോരത്ത് കിടന്നുറങ്ങുമ്പോഴാണ് ട്രാഫിക് പൊലീസുകാരൻ അടുത്തെത്തിയത്. വീട്ടിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് വാഹനത്തിനുള്ളിൽ കയറ്റിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
അവിടെ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയ പെൺകുട്ടിയെ പിന്നെയും പീഡിപ്പിച്ചു. പീഡനത്തിന് ശേഷം വിട്ടയച്ച പെൺകുട്ടി വീണ്ടും കാമുകന്റെ അടുത്തേക്കാണ് എത്തിയത്. അവിടെ നിന്ന് ഇരുവരും കുടല്ലോരിൽ തന്നെയുള്ള മറ്റൊരു ബന്ധു വീട്ടിലേക്ക് പോവുകയായിരുന്നു. അവിടെ വെച്ച് കാമുകനും പെൺകുട്ടിയെ പീഡനത്തിനിരയാക്കി.
വീട്ടിൽ നിന്നും ഇറങ്ങിപ്പോയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ മൈലാപ്പൂരിലെ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കാമുകന്റെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് പെൺകുട്ടി നടന്ന സംഭവങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കും അമ്മക്കുമെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.