നിർത്തിയിട്ട ട്രെയിനിൽ പീഡനം, പോർട്ടർ അറസ്റ്റിൽ

Advertisement

മുംബൈ: ബാന്ദ്ര ടെർമിനസിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ സ്ത്രീ പീഡനത്തിന് ഇരയായി. കേസിൽ പോർട്ടറെ അറസ്റ്റ് ചെയ്തു. ആളില്ലാത്ത കോച്ചിൽ ശനിയാഴ്ച രാത്രിയായിരുന്നു അതിക്രമം. ഹരിദ്വാറിൽനിന്നു ബന്ധുവിനൊപ്പം എത്തിയതാണ് 55 വയസ്സുള്ള സ്ത്രീ. എതിർക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ബലപ്രയോഗം നടത്തിയെന്നും സ്ത്രീയുടെ ബന്ധു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പൊലീസ് പറയുന്നത് ഇങ്ങനെ: ഹരിദ്വാറിൽനിന്നും ബന്ധുവിനൊപ്പമാണ് സ്ത്രീ ബാന്ദ്രയിലെത്തിയത്. ഇവരെ പ്ലാറ്റ്‌ഫോമിൽ ഇരുത്തിയശേഷം ജോലിസംബന്ധമായ കാര്യങ്ങൾക്കായി ബന്ധു പുറത്തേക്ക് പോയി. ഇവിടെ വിശ്രമിച്ച സ്ത്രീ പിന്നീട് ആളൊഴിഞ്ഞ ട്രെയിനിൽ കയറിക്കിടന്നു. ഇത് ശ്രദ്ധിച്ച പോർട്ടർ ട്രെയിനിൽകയറി ഇവരെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ റെയിൽവേയും അന്വേഷണം പ്രഖ്യാപിച്ചു.

ഭീതി വിതച്ച് വസായ് –വിരാർ മേഖല
വസായ്–വിരാർ മേഖലയിൽ മാത്രം ദിവസവും ഒന്നിലേറെ പീഡനക്കേസുകൾ റജിസ്റ്റർ ചെയ്യുന്നുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ വലിയ വർധന. നാലസൊപാര ഈസ്റ്റിൽ ഉത്തരേന്ത്യക്കാർ ഏറെയുള്ള ചേരിപ്രദേശങ്ങളിലാണ് ഇത്തരം അതിക്രമങ്ങൾ കൂടുതലായി ഉണ്ടാകുന്നതെന്നും പൊലീസ് പറഞ്ഞു. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാൻ പൊലീസും സാമൂഹിക സംഘടനകളും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും കേസുകൾ കുറയുന്നില്ല.

സ്ത്രീ സൗഹൃദമെന്നു പേരുകേട്ട മുംബൈ നഗരത്തിൽ ആളൊഴിഞ്ഞ ട്രെയിനിൽ സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയായതിന്റെ ആശങ്കയിലാണ് നഗരവാസികൾ. ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ സർവീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ബാന്ദ്ര ടെർമിനസിൽ പോർട്ടർ സ്ത്രീയെ ഉപദ്രവിച്ചപ്പോൾ റെയിൽവേ പൊലീസ് എവിടെയായിരുന്നു എന്ന ചോദ്യവും ഉയരുന്നു. 2023ൽ ലോക്കൽ ട്രെയിനിൽ പെൺകുട്ടി പീഡനത്തിന് ഇരയായ ശേഷം ട്രെയിനുകളിൽ സുരക്ഷ കൂട്ടുന്നതിനായി റെയിൽവേ ഒട്ടേറെ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇതു പേരിനുമാത്രമാണെന്നു വ്യക്തം.

അടുത്തകാലത്തായി സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളും പീഡനങ്ങളും വർധിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി ലോക്കൽ ട്രെയിനിൽ ക്യാമറകൾ ഘടിപ്പിച്ചെങ്കിലും പേരിന് മാത്രമേയുള്ളൂ. ആവശ്യത്തിന് ജീവനക്കാരുമില്ല. കഴിഞ്ഞ വർഷം ജൂലൈയിൽ റെയിൽവേ സ്റ്റേഷനിൽ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിന് ഒരാളെ പൊലീസ് പിടികൂടിയിരുന്നു. കാന്തിവ്‌ലി സ്വദേശിനിയായ പെൺകുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ച കേസിൽ മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തിരുന്നു. പ്ലാറ്റ്ഫോമിലെങ്കിലും മതിയായ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.

Advertisement