സൂറത്ത്: മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടകരുമായി പോയ ആഡംബര ബസ് ഞായറാഴ്ച പുലർച്ചെ ഡാങ് ജില്ലയിൽ മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. പരിക്കേറ്റ ഒരു സ്ത്രീ തിങ്കളാഴ്ച സൂറത്ത് സിവിൽ ആശുപത്രിയിൽ മരിച്ചു. ശിവപുരി ജില്ലയിൽ നിന്നുള്ള ശാന്തിബെൻ ബോഗ (50) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡ്രൈവർ രത്തൻലാൽ ജാതവ് (41), ഭോലാറാം കുശ്വാന (55), ഗുഡ്ഡി യാദവ് (60), ബിജേന്ദ്ര യാദവ് (55), കമലേഷ് യാദവ് (60) എന്നിവരാണ് മരിച്ച മറ്റുള്ളവർ.
ഗുരുതരമായി പരിക്കേറ്റ 24-ലധികം യാത്രക്കാരെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് സൂറത്തിലെ ന്യൂ സിവിൽ ആശുപത്രിയിലും ബാക്കിയുള്ളവരെ ഷംഗാം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.നാസിക്കിലെ ത്രയംബകേശ്വറിൽ നിന്ന് ഗുജറാത്തിലെ ദ്വാരകയിലേക്ക് 42 യാത്രക്കാരുമായി പോയ ബസ് ഞായറാഴ്ച പുലർച്ചെ 4.30 ന് മലേഗാവിലെ വനംവകുപ്പിന്റെ വിശ്രമകേന്ദ്രത്തിന് സമീപമുള്ള സംരക്ഷണഭിത്തി തകർത്ത് 25 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.