ബെംഗളൂരു: മണ്ഡ്യയിലെ സ്കൂളിലെ ശുചിമുറിയിൽ എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് രണ്ട് വിദ്യാർഥികൾക്കെതിരെ പൊലീസ് പോക്സോ കേസെടുത്തു. ജനുവരി 31ന് നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. രണ്ട് വിദ്യാർഥികൾ ചേർന്ന് രണ്ടാം ക്ലാസുകാരിയെ ശുചിമുറിയിലേക്കു കൊണ്ടുപോയി വിവസ്ത്രയാക്കുകയും സ്വകാര്യ ഭാഗത്തും മറ്റും വടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തെന്നാണ് പരാതി.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും പെൺകുട്ടിയുടെ ദേഹത്ത് മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, ക്രമസമാധാനനില തകർന്നതായും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ലൈംഗിക അതിക്രമങ്ങൾ വർധിച്ചതായും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര ആരോപിച്ചു.