ന്യൂ ഡെൽഹി : ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിനൊടുവില്‍ ഡല്‍ഹിയിൽ അസംബ്ലി തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ഇന്ന്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 3000 ബൂത്തുകള്‍ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്.
ശനിയാഴ്‌ച വോട്ടെണ്ണും. ഡൽഹി ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ എഎപിയും നീണ്ട ഇടവേളയ്‌ക്കുശേഷം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപിയും പ്രചാരണത്തിൽ സജീവമായി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഒറ്റ സീറ്റ് പോലും ജയിക്കാത്ത കോൺഗ്രസും തീവ്രമായ പ്രചാരണം നടത്തി.
കഴിഞ്ഞ രണ്ട് സർക്കാരുകൾ ഡൽഹി നിവാസികൾക്ക് നൽകിയ സൗജന്യങ്ങൾ എടുത്തുപറഞ്ഞായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ എഎപി പ്രചാരണം നടത്തിയത്. ബിജെപി അധികാരത്തിൽ എത്തിയാൽ സൗജന്യങ്ങൾ അവസാനിക്കുമെന്ന മുന്നറിയിപ്പാണ് എഎപി വോട്ടർമാർക്ക് നൽകിയത്. പിടിച്ചുനിൽക്കാൻ ഒട്ടനവധി സൗജന്യങ്ങൾ ബിജെപിയും വാഗ്‌ദാനം ചെയ്‌തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണത്തിൽ സജീവമായി. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വരുമാനനികുതി ഇളവ് ഡൽഹി തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ബജറ്റ് പ്രഖ്യാപനം നേട്ടമായി കാട്ടി ബിജെപിക്ക് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ട് പത്രങ്ങളിലും മറ്റും പരസ്യം നൽകിയത് വിവാദമായി.
ഡൽഹിയിൽ തിരിച്ചുവരവ് ലക്ഷ്യമിട്ടായിരുന്നു കോൺഗ്രസ് പ്രചാരണം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെജ്‌രിവാളിനെയും എഎപിയെയുമാണ് തീവ്രമായി വിമർശിച്ചത്. കെജ്‌രിവാളിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനായിരുന്നു കോൺഗ്രസ് ശ്രമം. ന്യൂനപക്ഷ–ദളിത് വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു കോൺഗ്രസിന്റെ പ്രചാരണമേറെയും. ന്യൂനപക്ഷ വോട്ടുകളിൽ കോൺഗ്രസ് വിള്ളൽ വീഴ്‌ത്തുമോയെന്ന ആശങ്ക എഎപി ക്യാമ്പിലുണ്ട്.