ബെംഗളുരു: ബെംഗളുരുവിൽ ബംഗ്ലാദേശ് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായിരുന്ന മുദുക്കപ്പയാണ് അറസ്റ്റിലായത്. യുവതി പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് വിശദമാക്കുന്നത്. കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതിയാണ് ബംഗ്ലാദേശ് സ്വദേശിയായ ഇരുപത്തിയെട്ടുകാരിയുടെ മൃതദേഹം ബെംഗളുരുവിലെ കാൽക്കെരെ തടാകത്തിന് സമീപത്ത് കരയിൽ കണ്ടെത്തിയത്.
ബിബിഎംപിയിലെ ശുചീകരണത്തൊഴിലാളിയുടെ ഭാര്യയായ യുവതി മക്കൾക്കൊപ്പം ബെംഗളുരുവിൽ താമസിച്ച് വരികയായിരുന്നു. സ്ഥലത്തെ ഒരു അപ്പാർട്ട്മെന്‍റിൽ വീട്ടുജോലി ചെയ്തിരുന്ന ഇവരെ ജോലി കഴിഞ്ഞ് മടങ്ങവേയാണ് കാണാതായത്. പിറ്റേന്ന് രാവിലെ മൃതദേഹം തടാകക്കരയിൽ ആളൊഴിഞ്ഞ ഒരിടത്ത് കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ ഇവർ ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. തലയിൽ കല്ല് കൊണ്ട് അടിയേറ്റ പാടുകളുമുണ്ടായിരുന്നു. വിശദമായി അന്വേഷിച്ചപ്പോഴാണ് ഇവർക്ക് മുദുക്കപ്പ എന്ന ബെംഗളുരു സ്വദേശിയുമായി സൗഹൃദമുണ്ടായിരുന്നു എന്ന് തെളിഞ്ഞത്.
സംഭവശേഷം മുദുക്കപ്പയെ കാണാനില്ലായിരുന്നു. മുദുക്കപ്പയുടെ കോൾ റെക്കോഡുകൾ അടക്കം പരിശോധിച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കുറ്റം സമ്മതിച്ച മുദുക്കപ്പ, ഇവർ പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് മൊഴി നൽകി. യുവതിയെ വിളിച്ച് വരുത്തി കൊലപ്പെടുത്തിയെന്നും ബലാത്സംഗത്തിനിരയാക്കിയെന്നും ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. റിപബ്ലിക് ദിന പരേഡിന് തയ്യാറെടുക്കാനായി എത്തിയവരാണ് തടാക തീരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാമമൂർത്തി നഗറിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഇവർക്ക് ഇന്ത്യയിൽ താമസിക്കാൻ ആവശ്യമായ രേഖകൾ ഇല്ലെന്ന് നേരത്തെ പൊലീസ് വിശദമാക്കിയിരുന്നു.