ബെംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോ ഇടിച്ചു. ബെംഗളൂരു നഗരത്തിൽവച്ച് കഴിഞ്ഞ ദിവസമാണ് ദ്രാവിഡ് സഞ്ചരിച്ച എസ്‍യുവിയുടെ പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ചത്. തുടർന്ന് കാറിൽനിന്ന് പുറത്തിറങ്ങിയ രാഹുൽ ദ്രാവിഡും ഓട്ടോ ഡ്രൈവറും തമ്മിൽ തർക്കവുമുണ്ടായി. റോഡില്‍വച്ച് ദ്രാവിഡും ഡ്രൈവറും തർക്കിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബെംഗളൂരുവിലെ കനിങ്ങാം റോഡിൽവച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ദ്രാവിഡിനോ, ഡ്രൈവർക്കോ പരുക്കേറ്റിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ താരവും മുൻ പരിശീലകനുമായ ദ്രാവിഡിനെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞില്ലെന്നാണു വിവരം. റോഡിലെ തർക്കം ഏതാനും നിമിഷങ്ങൾ നീണ്ടതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ദ്രാവിഡിന്റെ പകരക്കാരനായി ഗൗതം ഗംഭീർ ചുമതലയേറ്റു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഹെഡ് കോച്ചാണ് ദ്രാവിഡ്. 2014,2015 സീസണുകളിൽ രാജസ്ഥാന്റെ മെന്ററായും ടീം ഡയറക്ടറായും ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്.