ശബ്ദം കേട്ട് കാട്ടുപന്നിയെന്ന് ധരിച്ചു, ഉറ്റചങ്ങാതിയെ വെടിവച്ച് വീഴ്ത്തി വേട്ടയ്ക്ക് പോയ സംഘം, 8 പേർ അറസ്റ്റിൽ

Advertisement

പാൽഘർ: വേട്ടയാടാൻ പോയ പന്ത്രണ്ടംഗ സംഘം പന്നിയെന്ന് കരുതി വെടിവച്ച് വീഴ്ത്തിയത് ഉറ്റ ചങ്ങാതിയെ. മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം. കൂട്ടുകാർക്കൊപ്പം പോയ ഭർത്താവിനെ കാണാനില്ലെന്ന പരാതിയിലെ അന്വേഷണത്തിലാണ് സംഭവം പുറത്ത് വരുന്നത്. കഴിഞ്ഞ ആഴ്ചയാണ് രമേഷ് വർത്ത എന്ന യുവാവ് സുഹൃത്തുക്കൾക്കൊപ്പം പാൽഘറിൽ വേട്ടയ്ക്ക് പോയത്.

തിങ്കളാഴ്ചയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരും ഉൾപ്പെടുന്നുണ്ട്. ഷാഹാപൂരിലെ ബോർഷെട്ടി ഗ്രാമത്തിലാണ് പന്ത്രണ്ട് അംഗ സംഘം വേട്ടയ്ക്ക് പോയത്. ജനുവരി 28നായിരുന്നു ഇത്. വേട്ടയ്ക്ക് വരുന്നതിനായി സംഘം രമേഷിനെ വിളിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം സംഘത്തിനൊപ്പം കൂടാമെന്നായിരുന്നു യുവാവ് പ്രതികരിച്ചത്.

അടുത്ത ദിവസം വേട്ടയ്ക്ക് പോയ സംഘത്തിന് അടുത്തേക്ക് യുവാവ് നടന്ന് എത്തുന്ന ശബ്ദം കേട്ട് കാട്ടുപന്നിയാണെന്ന ധാരണയിൽ ആ ദിശയിലേക്ക് സുഹൃത്തുക്കൾ വെടിയുതിർക്കുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് എത്തിയപ്പോഴാണ് ഉറ്റസുഹൃത്തിനാണ് വെടിയേറ്റതെന്ന് വ്യക്തമായത്. ഭയന്നുപോയ സംഘം മൃതദേഹം ഒരു മരത്തിന് താഴെ ഒളിപ്പിച്ച ശേഷം കാട്ടിൽ നിന്ന് ഇറങ്ങി. കേസ് ഭയന്ന് വിവരം ആരോടും പറയേണ്ടെന്നും സംഘം തീരുമാനിക്കുകയായിരുന്നു. സാധാരണ ഗതിയിൽ വേട്ടയ്ക്ക് പോവുന്ന സംഘം ദിവസങ്ങൾ കഴിഞ്ഞാണ് മടങ്ങി എത്താറുള്ളത്. അതിനാൽ തന്നെ ബന്ധുക്കൾക്കും അസ്വാഭാവികത തോന്നിയില്ല. എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെയാണ് യുവാവിന്റെ ഭാര്യ പൊലീസിൽ പരാതി നൽകുന്നത്.

വേട്ടയ്ക്ക് പോയ സംഘത്തെ വേർതിരിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് അബദ്ധത്തിൽ യുവാവ് വെടിയേറ്റ് മരിച്ച വിവരം പുറത്ത് വരുന്നത്. സാഗർ ഹാദൽ എന്നയാളുടെ വെടിയേറ്റാണ് യുവാവ് മരിച്ചത്. ഇതിന് പിന്നാലെ വനത്തിൽ നടത്തിയ തെരച്ചിലിൽ പൊലീസ് യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ 12 പേർക്കെതിരെ നരഹത്യയ്ക്കാണ് കേസ് എടുത്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here