ജയ്‌പൂർ: ഓൺലൈൻ തട്ടിപ്പിലൂടെ ഡോക്ടറിൽ നിന്ന് 62 ലക്ഷം രൂപ തട്ടിയെടുത്തു. രാജസ്ഥാൻ ജോധ്പുരിലെ ന്യൂറോ സർജൻ ആയ തെജ്പാൽ ഫിഡോട എന്ന ഡോക്ടറാണ് തട്ടിപ്പിനിരയായത്. സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചാൽ ഉയർന്ന നിരക്കിൽ ലാഭം തരാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുകയായിരുന്നു. ജനുവരി മൂന്നിനാണ് തേജ്പാലിന്റെ വാട്സാപ്പിലെക്ക് ഇൻവിറ്റേഷൻ ലിങ്ക് വരുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്ത ഡോക്ടർ ഗ്രൂപ്പിലെ അംഗമാവുകയും ഒരു ആപ് ഫോണിൽ ഡൗൺലോഡ് ആവുകയും ചെയ്തു.
അഞ്ച് പേരാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഇതിൽ നിക്ഷേപ വിദഗ്ധർ എന്ന് അവകാശപ്പെട്ട രണ്ട് പേരുമായാണ് ഡോക്ടർ സംസാരിച്ചിരുന്നത്. ശേഷം തേജ്പാലിന് വേണ്ടി ഇവർ മറ്റൊരു ഗ്രൂപ് തുടങ്ങുകയായിരുന്നു. പുതിയതായി തുടങ്ങിയ ഗ്രൂപ്പിൽ നിന്നാണ് മറ്റ് നിർദ്ദേശങ്ങളൊക്കെ നൽകിയത്. നാല് മാസത്തിനുള്ളിൽ നല്ലൊരു തുക തിരിച്ചു കിട്ടുമെന്ന് ഉറപ്പ് നൽകി ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം ഇടാൻ തേജ്പാലിനോട് ഇവർ ആവശ്യപ്പെട്ടു. എന്നാൽ തേജ്പാലിന്റെ സ്വന്തം അക്കൗണ്ടിൽ നിന്ന് പണം അയക്കേണ്ടെന്നും അതിന് പകരം മറ്റൊരു അക്കൗണ്ട് തുടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.
സ്റ്റാൻഡേർഡ് ചാർട്ടേർഡ് വെൽത് ഫണ്ടിന്റെ അംഗീകൃതമുണ്ടെന്നും പണം നിക്ഷേപിക്കുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പണം നിക്ഷേപിച്ച ഉടൻ തന്നെ അക്കൗണ്ടിൽ നിന്നും തട്ടിപ്പ് സംഘം പണം പിൻവലിക്കുകയും ചെയ്തു. അതിന് ശേഷം പണം നിക്ഷേപിച്ച അക്കൗണ്ട് ഫ്രീസ് ആയെന്നും ഇനിയും കുറച്ച് പണം കൂടെ നിക്ഷേപിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് താൻ തട്ടിപ്പിനിരയായ വിവരം തേജ്പാലിന് മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വാട്സാപ്പിലൂടെയുള്ള സംഭാഷണത്തിൽ തേജ്പാലിന്റെ വിശ്വാസം നേടിയെടുത്തതിന് ശേഷമാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. പൊലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുകയാണ്.