ന്യൂഡൽഹി: പതിറ്റാണ്ടുകൾ ഭരിച്ച ഇന്ദ്രപ്രസ്ഥത്തിൽ കോൺഗ്രസിൻറെ കിതപ്പ് തുടങ്ങിയിട്ട് കാലങ്ങളായി. ഹാട്രിക്ക് ഭരണം നേടിയ ഷീല ദീക്ഷിതിനെ അപ്രസക്തയാക്കി അരവിന്ദ് കെജ്രിവാളെടുത്ത ചൂലിനൊപ്പം നിന്ന ഡൽഹി ജനത ഇക്കുറി ഇതാ കോൺഗ്രസിന് വീണ്ടുമൊരു പ്രതീക്ഷ നൽകുകയാണ്. കഴിഞ്ഞ തവണ ഒരൊറ്റ സീറ്റിൽ പോലും ‘കൈ’ പിടിക്കാത്ത തലസ്ഥാനവാസികൾ ഇക്കുറി ബാദ് ലിയിൽ കോൺഗ്രസിന് പ്രതീക്ഷ നൽകുകയാണ്.
വോട്ടെണ്ണൽ തുടങ്ങിയ എട്ട് മണി മുതൽ ഇതുവരെയും ബാദ് ലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുന്നേറ്റമാണ് കാണുന്നത്. ദേവേന്ദർ യാദവാണ് കോൺഗ്രസിന് ബാദ് ലിയിൽ വിജയ പ്രതീക്ഷ നൽകുന്നത്. എ എ പിയുടെ അജേഷ് യാദവ്, ബി ജെ പിയുടെ ആഹിർ ദീപക് ചൗധരി എന്നിവരെ പിന്നിലാക്കിയാണ് ബാദ്‌ലി നിയോജകമണ്ഡലത്തിൽ ദേവേന്ദർ കുതിക്കുന്നത്. ഡൽഹിയിലെ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ദേവേന്ദറിൻറെ മുന്നേറ്റം രാജ്യതലസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർക്ക് വലിയ സന്തോഷം നൽകുന്നതാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എ എ പിയുടെ അജേഷ് യാദവ് 29094 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് ബാദ് ലി. 40333 വോട്ടുകൾ നേടിയ ബി ജെ പിയുടെ വിജയ് കുമാർ ഭഗതാണ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയത്. ഇവിടെയാണ് ദേവേന്ദർ കോൺഗ്രസിൻറെ ഡൽഹിയിലെ ഏക കനൽത്തരിയായി മാറുന്നത്.
അതേസമയം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബി ജെ പി വലിയ കുതിപ്പാണ് നടത്തുന്നത്. വോട്ടെണ്ണൽ തുടങ്ങി രണ്ടാം മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി ലീഡ് ഉയർത്തുകയാണ്. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ലീഡ് നില ആദ്യ ഘട്ടത്തിൽ മാറി മറിഞ്ഞെങ്കിലും ഇപ്പോൾ ബി ജെ പി കുതിക്കുകയാണ്. കേവല ഭൂരിപക്ഷം കടന്നുള്ള ലീഡ് നില 50 സീറ്റിലെത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും നിലവിലെ ദില്ലി മുഖ്യമന്ത്രി അതിഷി മർലേനയും മനീഷ് സിസോദിയുമടക്കമുള്ള എ എ പി നേതാക്കളെല്ലാം പിന്നിലാണെന്നാണ് വ്യക്തമാകുന്നത്.