മുംബൈ: പൻവേലിലെ ഫാം ഹൗസിൽ നടൻ സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പേർക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം അറസ്റ്റിലായ സന്ദീപ് ബിഷ്ണോയി (ഗൗരവ് ഭാട്യ), മുഹമ്മദ് ഖാൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇരുവരും ഷാർപ് ഷൂട്ടർമാരാണ്. പൻവേലിലെ ഫാം ഹൗസിലേക്കുള്ള യാത്രയിൽ നടനെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നും എകെ 47, എം 16 തോക്കുകൾ എന്നിവ എത്തിക്കുന്നതിനായി ഓർഡർ നൽകിയെന്നുമാണ് കേസ്.
ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയുമായി ബന്ധമുള്ളവരാണ് ഇവരെ നിയോഗിച്ചതെന്നു പൊലീസ് ആരോപിച്ചിരുന്നു. 60 മുതൽ 70 പേർ വരെ അടങ്ങുന്ന സംഘത്തെയാണ് കൊലപാതകത്തിന് നിയോഗിച്ചത്. കൊല നടത്തിയശേഷം കന്യാകുമാരിയിലേക്കും കടൽമാർഗം ശ്രീലങ്കയിലേക്കും രക്ഷപ്പെടാനായിരുന്നു സംഘം നിർദേശം നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ സൽമാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ ബിഷ്ണോയ് സംഘാംഗങ്ങൾ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് പൻവേലിലെ ഫാം ഹൗസിൽ സൽമാനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തത്. ഒക്ടോബറിൽ സൽമാന്റെ സുഹൃത്തും മുൻമന്ത്രിയുമായ ബാബാ സിദ്ദീഖിയെ വക വരുത്തിയതും ബിഷ്ണോയ് സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.