ന്യൂഡെല്‍ഹി. രാജ്യതലസ്ഥാനത്ത് കോൺഗ്രസിന് മൂന്നാംതവണയും നാണക്കേടിന്‍റെ മുള്‍ക്കിരീടം. ഒരിക്കല്‍ രാജ്യം ഭരിച്ച പാര്‍ട്ടിയുടെ ദയനീയാവസ്ഥ തൊട്ടുകാണിക്കാനുള്ള ഇടമായി ഡെല്‍ഹി എന്നതാണ് ഹാട്രിക് ഡക്ക് നേടിയ പാര്‍ട്ടിക്ക് അപമാനകരം.എഴുപതിൽ ഒരിടത്ത് മാത്രമാണ് കോൺഗ്രസ് രണ്ടാമത് എത്തിയത്. സംഘടനാ ദൗർബല്യവും നേതൃത്വത്തിന് വ്യക്തമായ മുഖമില്ലാത്തതും ഉൾപ്പെടെ ഇന്ദ്രപ്രസ്ഥത്തിൽ തിരിച്ചുവരവിന് കോൺഗ്രസിന് ഇനി വെല്ലുവിളികൾ ഏറെ.
ഷീലാ ദീക്ഷിതിന് ശേഷം ഡൽഹിയുടെ മുഖമായി കോൺഗ്രസിന് ഉയർത്തിക്കാട്ടാനൊരു നേതാവില്ല. നേതൃസ്ഥാനത്ത് പലരെയും മാറ്റിപരീക്ഷിച്ചെങ്കിലും ആരും കളംപിടിച്ചില്ല. കൈയ്യകലത്തെ സംഘടനാ സംവിധായമായിട്ടും മൂന്ന് വട്ടവും സീറ്റുകൾ കിട്ടാതെ ഡൽഹിയിൽ നിസഹായരാണ് കോൺഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങി ആപ്പുമായി ചേർന്ന് മത്സരിച്ചിട്ടും കാര്യമുണ്ടായില്ല. ഇപ്പോൾ വെവ്വേറെ മത്സരിച്ചിട്ടും. എഴുപതിൽ ഒരിടത്ത് മാത്രമാണ് രണ്ടാമത് എത്തിയത്. കസ്തൂർബാ നഗർ മണ്ഡലത്തിൽ അഭിഷേക് ദത്ത് ആണ് രണ്ടാം സ്ഥാനത്ത് എത്തിയ കോൺഗ്രസ് സ്ഥാനാർഥി. ഷീലാ ദീക്ഷിതിന്റെ കോട്ടയായിരുന്ന ന്യൂഡൽഹി മണ്ഡലത്തിൽ മകൻ സന്ദീപ് ദീക്ഷിത്തിനെ മത്സരത്തിനിറക്കിയെങ്കിലും ചലനമുണ്ടാക്കിയില്ല. ബാദിലിയിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര യാദവ് പാരാജയപ്പെട്ടു. കൽക്കാജിയിൽ മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ അൽക്ക ലാംബ ദയനീയമായി കീഴടങ്ങി. ഒന്നരപതിറ്റാണ്ടോളം രാജ്യ തലസ്ഥാനത്ത് അധികാരത്തിലിരുന്ന കോൺഗ്രസിനാണ് ഈ ദുർവിധി. വോട്ട് ശതമാനത്തിൽ പോലും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെ പ്രചാരണത്തിനിറങ്ങിയെങ്കിലും കോൺഗ്രസിന്റെ തിരിച്ചുവരവിന് അതും സഹായിച്ചില്ല.