ജയ്പുർ: ഭാര്യക്ക് അനധികൃതമായി ഇന്ത്യൻ റെയിൽവേയിൽ ജോലി വാങ്ങി നൽകിയെന്ന വെളിപ്പെടുത്തലുമായി യുവാവ്. ഭാര്യക്ക് സർക്കാർ ജോലി ഉറപ്പാക്കാൻ നടത്തിയ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ഭർത്താവ് വെളിപ്പെടുത്തിയതോടെ വൻ റിക്രൂട്ട്മെൻറ് അഴിമതിയാണ് പുറത്ത് വന്നിട്ടുള്ളത്. എട്ട് മാസം മുമ്പാണ് രാജസ്ഥാനിലെ കോട്ട സ്വദേശിയായ മനീഷ് മീണ റെയിൽവേ അധികൃതരെ സമീപിച്ചത്. തൻറെ ഭാര്യ ആശാ മീണ ഒരു ഡമ്മി കാൻഡിഡേറ്റിനെ ഉപയോഗിച്ച് റെയിൽവേ ജോലി നേടിയെന്നാണ് ഭർത്താവ് ആരോപിച്ചത്.
തൻറെ കൃഷിഭൂമി പണയപ്പെടുത്തി സ്വരൂപിച്ച തുകയായ 15 ലക്ഷം രൂപ നൽകിയാണ് ഭാര്യക്ക് ജോലി നേടി കൊടുത്തത്. റെയിൽവേ ഗാർഡായ രാജേന്ദ്ര എന്ന ഏജൻറ് വഴിയാണ് ഡമ്മി കാൻഡിഡേറ്റിനെ സംഘടിപ്പിച്ചത്. എന്നാൽ, ജോലി ലഭിച്ച് അഞ്ച് മാസത്തിന് ശേഷം ആശ തന്നെ ഉപേക്ഷിച്ചു. തൊഴിലില്ലാത്ത ഒരാൾക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് ഭാര്യ മനീഷിനെ ഉപേക്ഷിച്ചത്. ഇതോടെ യുവാവ് റെയിൽവേ അധികൃതർക്ക് പരാതി നൽകിയത്.
മനീഷിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് സെൻട്രൽ റെയിൽവേ (ഡബ്ല്യുസിആർ) വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഒടുവിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കഴിഞ്ഞ വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എഫ്ഐആറിൽ ഡൽഹി പൊലീസ് കോൺസ്റ്റബിൾ ലക്ഷ്മി മീണ, റെയിൽവേ പോയിൻറ് വുമൺ, ആശ മീണ (മനീഷിൻറെ ഭാര്യ) എന്നിവരെയും അജ്ഞാത റെയിൽവേ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച്, ഡമ്മി ഉദ്യോഗാർത്ഥികളെ ഉപയോഗിച്ച് ജോലി നേടിയ ഒരേയൊരു സ്ഥാനാർത്ഥി ആശ ആയിരിക്കില്ലെന്നാണ് വ്യക്തമാകുന്നത്.
ആശാ മീണയെയും റെയിൽവേ ഗാർഡ് രാജേന്ദ്രയെയിും സസ്‌പെൻഡ് ചെയ്‌തതായി അടുത്തിടെ അറിയിപ്പ് ലഭിച്ചതായി മനീഷ് പറഞ്ഞു. എന്നാൽ ഈ റാക്കറ്റ് നടത്തുന്ന ജബൽപൂരിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. റെയിൽവേ പരീക്ഷയിൽ ഉദ്യോഗാർത്ഥികൾക്കായി ആൾമാറാട്ടം നടത്തിയെന്നാരോപിച്ചുള്ള ലക്ഷ്മി മീണയുടെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ട്. ലക്ഷ്മി ആശയ്ക്കും മറ്റൊരു ഉദ്യോഗാർത്ഥിയായ സ്വപ്ന മീണയ്ക്കും രണ്ട് വ്യത്യസ്ത പരീക്ഷകൾക്കായി ഹാജരായെന്നാണ് മനീഷിൻറെ പരാതി. അവരുടെ പരീക്ഷകൾ എഴുതുകയും ഫിസിക്കൽ ടെസ്റ്റുകളും ഡോക്യുമെൻ്റ് വെരിഫിക്കേഷൻ നടപടിക്രമങ്ങളും പൂർത്തിയാക്കുകയും ചെയ്തുവെന്ന് മനീഷ് പരാതിയിൽ പറയുന്നു.