വീട്ടിലെ ജോലിക്കാരിയുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവിന്റെ കാല് തല്ലിയൊടിക്കാന്‍ 5 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. കര്‍ണാടകയിലെ കലബുറഗിയിലാണ് സംഭവം. കല്‍ബുറഗിയിലെ ഗാസിപുര്‍ സ്വദേശിനിയായ ഉമാ ദേവി എന്നയാളും ഇവരെ സഹായിച്ചവരും അടക്കം മൂന്ന് പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. രണ്ട് കാലും വലതു കയ്യും ഒടിഞ്ഞ് ചികിത്സയില്‍ കഴിയുന്ന 62കാരന്റെ മകന്റെ പരാതിയിലാണ് അറസ്റ്റ്.
മുപ്പത് വര്‍ഷം മുന്‍പാണ് ഉമാദേവിയും ഗാസിപൂര്‍ സ്വദേശിയുമായ വെങ്കടേഷ് മാലിപാട്ടീലും പ്രേമിച്ച് വിവാഹം കഴിഞ്ഞിട്ട്. അടുത്തിടെയായി ഭര്‍ത്താവിന് തന്നോട് താല്‍പര്യമില്ലെന്ന സംശയത്തിന് പിന്നാലെയാണ് വീട്ടിലെ ജോലിക്കാരിയുമായി ഭര്‍ത്താവ് അടുപ്പത്തിലാണെന്ന ധാരണ ഉമാദേവിക്ക് തോന്നുന്നത്. ഇതിന് പിന്നാലെ വെങ്കടേഷിന്റെ കാല് തല്ലിയൊടിക്കാനായി ആരിഫ്, മനോഹര്‍, സുനില്‍ എന്നിവര്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഓരോരുത്തര്‍ക്കും ഇതിനായി ഉമാദേവി അഡ്വാന്‍സും നല്‍കി. പിതാവിന് മര്‍ദ്ദനമേറ്റതിന് പിന്നാലെ ഉമാദേവിയുടെ മകന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അമ്മ അറസ്റ്റിലായത്. എന്നാല്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ജയില്‍മോചിതയായാല്‍ ഉമാദേവിക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്നുമാണ് ആക്രമണത്തിനിരയായ വെങ്കടേഷ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.