മുംബൈ; കുട്ടികളുടെ മുൻപിൽ വച്ച് ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി യുവതി. മുംബൈ മാൽവൺ സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. രാജേഷിന്റെ സുഹൃത്ത് ഇമ്രാൻ മൻസൂരിയുടെ സഹായത്തോടെയാണ് ഭാര്യയായ പൂജ കൃത്യം നടത്തിയത്. പൂജയും ഇമ്രാനും തമ്മിൽ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹം ഇരുചക്രവാഹനത്തിൽ കയറ്റി വീട്ടിൽനിന്ന് 500 മീറ്റർ അകലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
ഭർത്താവിനെ കാണാനില്ലെന്നു കാണിച്ച് പൂജ പൊലീസിൽ പരാതിയും നൽകിയിരുന്നു. സംശയം തോന്നാതിരിക്കാനാണു പരാതി നൽകിയതെങ്കിലും പൊലീസ് അന്വേഷണത്തിൽ പൂജയാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. കൊലപാതകത്തിനു മുൻപ് പൂജയും രാജേഷും ഇമ്രാനും ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യം പൊലീസിനു ലഭിച്ചതും അന്വേഷണത്തിൽ നിർണായകമായി. തുടർന്നു വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് പൂജ കുറ്റസമ്മതം നടത്തിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.