ഡൽഹിയിൽ വീണ്ടും വനിത മുഖ്യമന്ത്രി?; ചർച്ചകളിൽ ഇടംപിടിച്ച് 2 പേരുകൾ, തീരുമാനം പ്രധാനമന്ത്രി എത്തിയശേഷം

Advertisement

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയത്തിലൂടെ 27 വർഷത്തിനു ശേഷം അധികാരത്തിലെത്തിയ ബിജെപി, വനിത മുഖ്യമന്ത്രിയെ രംഗത്തിറക്കുമെന്ന് സൂചന. ദ്വിരാഷ്ട്ര സന്ദർശനത്തിനു പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരികെയെത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി ആരെന്നതിൽ അന്തിമ തീരുമാനം എന്നാണ് ബിജെപി വൃത്തങ്ങൾ അറിയിക്കുന്നതെങ്കിലും വനിത മുഖ്യമന്ത്രിയെന്ന തരത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം. നിലവിൽ രണ്ട് വനിതകളുടെ പേരുകളാണ് സജീവമായി ചർച്ചകളിൽ ഇടം പിടിക്കുന്നത്.

മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയും ഷാലിമാർ ബാഗിലെ നിയുക്ത എംഎൽഎയുമായ രേഖ ഗുപ്ത, ഗ്രേറ്റർ കൈലാഷിൽ എഎപിയുടെ സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയ ശിഖ റോയി എന്നിവരുടെ പേരുകളാണ് ചർച്ചകളിൽ ഉയരുന്നത്. അതേസമയം ഫെബ്രുവരി 14ന് ശേഷം ബിജെപി ഡൽഹി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

വനിത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയാണെങ്കിൽ 27 വർഷത്തിനു ശേഷം സുഷമ സ്വരാജിനു പിൻഗാമിയായി ബിജെപിക്കു മറ്റൊരു വനിത കൂടി വരുന്നു എന്ന പ്രത്യേകതയും ഉണ്ട്. സുഷമയ്ക്കു ശേഷം കോൺഗ്രസിന്റെ ഷീല ദീക്ഷിത് 15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്നു. അരവിന്ദ് കേജ്‌രിവാൾ രാജിവച്ചതിനു പിന്നാലെ അതിഷിയെ എഎപി മുഖ്യമന്ത്രിയാക്കിയിരുന്നു. തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ അതിഷി കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here