രാത്രി തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്നു, ഉച്ചവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു, ശേഷം പൊലീസ് സ്റ്റേഷനിലെത്തി

Advertisement

അഗർത്തല: വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്ന ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. മണിക്കൂറുകളോളം മൃതദേഹവുമായി വീട്ടിൽ തന്നെ കഴിഞ്ഞതിന് ശേഷമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി സ്വന്തം കുറ്റം ഏറ്റുപറഞ്ഞത്. ത്രിപുരയിലെ വെസ്റ്റ് ത്രിപുര ജില്ലയിലാണ് സംഭവം. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

ശ്യാംലാൽ ദാസ് എന്ന 40കാരനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യ സ്വപ്നയെ കുടുംബ കലഹത്തെ തുടർന്ന് താൻ തലയ്ക്കടിച്ച് കൊന്നെന്ന് പൊലീസുകാരെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു ഈ സംഭവം. ചില വീട്ടുകാര്യങ്ങൾ പറഞ്ഞ് വഴക്കുണ്ടായി ഒടുവിൽ ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ച് സ്വപ്നയെ കൊല്ലുകയായിരുന്നു. രാത്രി കൊലപാതകം നടത്തിയ ശേഷം പിറ്റേ ദിവസം ഉച്ച വരെ മൃതദേഹവുമായി ശ്യാംലാൽ ദാസ് വീട്ടിൽ കഴിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 1.20ഓടെയാണ് പൊലീസ് സ്റ്റേഷനിലെത്തി കാര്യം പറയുന്നത്.

വിവരമറിഞ്ഞ ഉടൻ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തി. ഭാര്യ വീട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുകയാണെന്നായിരുന്നു ഇയാൾ പറ‌ഞ്ഞത്. വീട്ടിൽ നിന്ന് മൃതദേഹം കണ്ടെടുത്തതിന് ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ശ്യാംലാൽ ദാസിനെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here