ലഖ്നൗ: ഭാരത് ജോഡോ യാത്രയ്ക്കിടെ സൈന്യത്തെ അപമാനിച്ചെന്ന ഹർജിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ലഖ്നൗ കോടതിയുടെ സമന്‍സ്. ലഖ്നോ എംപി/എംഎല്‍എ കോടതിയിൽ ഹാജരാകണമെന്നാണ് നിര്‍ദേശം. ബിആര്‍ഒ (ബോർഡർ റോഡ്സ് ഓർഗനൈസേഷൻ) മുന്‍ ഡയറക്ടറായ ഉദയ് ശങ്കര്‍ ശ്രീവാസ്തവ സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി. അഭിഭാഷകനായ വിവേക് തിവാരിയാണ് ശ്രീവാസ്തവയ്ക്കുവേണ്ടി ഹാജരായത്. കേസ് ഇനി മാർച്ച് 24ന് പരിഗണിക്കും.
2022 ഡിസംബർ 16നായിരുന്നു കേസിനാസ്പദമായ സംഭവം. അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് പട്ടാളക്കാര്‍ തല്ലിചതച്ചുവെന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. നിയന്ത്രണരേഖയില്‍ ചൈനയുടെ അധിനിവേശം വര്‍ധിക്കുന്നതിനെ ചെറുക്കാനാകുന്നില്ലെന്നു കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശനമായിരുന്നുവെങ്കിലും വലിയ രാഷ്ട്രീയ വിവാദമുണ്ടായി. 2022 ഡിസംബർ ഒൻപതിനായിരുന്നു ഇന്ത്യാ – ചൈന സൈനികർ തമ്മിലുള്ള സംഘർഷം. മാധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് രാഹുൽ ഈ പരാമർശം നടത്തിയതെന്നും ഇതു സൈന്യത്തിന് അപമാനകരമാണെന്നും അഭിഭാഷകൻ വിവേക് തിവാരി പറഞ്ഞു.
ഇതേത്തുടർന്ന് രാഹുല്‍ ഗാന്ധി ദേശവിരുദ്ധനാണെന്നും രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍നിന്നു സാമ്പത്തിക സഹായം സ്വീകരിക്കുന്നുണ്ടെന്നുമെല്ലാം ബിജെപി നേതാക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. പ്രധാനമന്ത്രിക്കെതിരായി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് 2023 മാര്‍ച്ചില്‍ രാഹുലിനെ പാര്‍ലമെന്‍റില്‍നിന്ന് അയോഗ്യനാക്കിയിരുന്നു.