ചെന്നൈ. നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ രാജ്യസഭയിലേക്ക്… ഡിഎംകെ സഖ്യത്തിന്റെ പിന്തുണയോടെ തമിഴ്നാട്ടിൽ നിന്നാകും രാജ്യസഭയിൽ എത്തുക… മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വിശ്വസ്ഥനായ മന്ത്രി ശേഖർ ബാബു കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി .
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ തന്നെ തങ്ങൾക്കൊപ്പം നിന്ന കമൽ ഹാസനെ രാജ്യസഭയിലെത്തിക്കുമെന്ന് ഡിഎംകെ സഖ്യം ഉറപ്പ് നൽകിയിരുന്നു. ലോക്സഭയിൽ സീറ്റ് കിട്ടുമായിരുന്നിട്ടും താൻ മത്സരിക്കാനില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയതും ഇതുകൊണ്ട് തന്നെ. ജൂലൈയിൽ ഒഴിവുവരുന്ന ആറ് രാജ്യസഭാ സീറ്റുകളിൽ നാലെണ്ണമെങ്കിലും ഡിഎംകെയ്ക്ക് ജയിക്കാനാകും. ഇതോടെയാണ് കമൽഹാസന്റെ രാജ്യസഭാ പ്രവേശനത്തിന് കളമൊരുങ്ങിയത്. മൂന്ന് മാസമായി വിദേശത്തായിരുന്ന താരം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. പിന്നാലെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വിശ്വസ്ഥൻ മന്ത്രി ശേഖർ ബാബു കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി. ചർച്ചയായത് രാജ്യസഭാ പ്രവേശനമാണെന്ന് മക്കൾ നീതി മയ്യം ക്യാമ്പും ശരിവയ്ക്കുന്നു. കമൽഹാസനെ രാജ്യസഭയിലെത്തിക്കും വഴി ഡിഎംകെ മറ്റ് ചിലത് കൂടി ലക്ഷ്യമിടുന്നുണ്ട്.
ഒരു വർഷമപ്പുറം നിയമസഭാ തെരഞ്ഞെടുപ്പാണ്. എല്ലാവരേയും ഒരുമിപ്പിച്ചുകൊണ്ടുപോകുന്ന നേതാവെന്ന ഖ്യാതി നിലനിർത്താൻ കമലിന് ഇടം നൽകുന്നത് വഴി സ്റ്റാലിന് ആകും. മുന്നണിയുടെ കെട്ടുറപ്പിനപ്പുറം കമൽ ആരാധകരുടെ പിന്തുണയും ടിവികെ വളരുന്ന സാഹചര്യത്തിൽ ഡിഎംകെ പ്രതീക്ഷിക്കുന്നുണ്ട്