ചെന്നൈ.തമിഴ്നാട്ടിൽ ടിവികെ എഐഎഡിഎംകെ സഖ്യത്തിന് സാധ്യത തെളിയുന്നു. വിജയ്‍യുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമിയുമായെ കണ്ടു.
ഒരുമിച്ച് നിന്നാൽ ഡിഎംകെയെ തോൽപ്പിക്കാനാകുമെന്ന പ്രതീക്ഷ ഇരു ക്യാമ്പുകളിലുമുണ്ട്.
പാർട്ടികൾക്കപ്പുറം സഖ്യങ്ങൾക്കാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാധ്യാനം. മുന്നണി സമവാക്യങ്ങൾ ജയപരാജയങ്ങളെ നിശ്ചയിക്കുമെന്നതിനാൽ ഓരോപാർട്ടിയും ഇപ്പോഴേ അതിനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. അതിനിടയിലാണ് വിജയ്‍യുടെ തമിഴക വെട്രിക് കഴകത്തിന് തന്ത്രമൊരുക്കാൻ പ്രശാന്ത് കിഷോർ എത്തിയത്. ഐഎഐഡിഎംകെയുടെ പല ക്യാമ്പയിനുകൾക്കും പിന്നിൽ പ്രശാന്ത് കിഷോറാണ്.
പ്രശാന്ത് കിഷോറിന്റെ വരവോടെ ടിവികെ എഐഎഡിഎംകെയ്ക്ക് കൈകൊടുക്കാൻ ഇടയുണ്ടെന്ന അഭ്യൂഹമുണ്ടായി. ഊഹാപോഹങ്ങൾക്ക് കരുത്ത് പകർന്ന് വിജയ് യുമായി മൂന്ന് മണിക്കൂർ കൂടിക്കാഴ്ച നടത്തിയ ശേഷം പ്രശാന്ത് കിഷോർ നേരേ പോയത് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയെ കാണാനാണ്.
ടിവികെയ്ക്ക് തനിച്ച് 20 ശതമാനം വോട്ട് വരെ കിട്ടാമെന്നാണ് പ്രശാന്ത് കിഷോർ കണക്ക് കൂട്ടുന്നത്. ഇതിനൊപ്പം എഐഎഡിഎംകെയുടെ ഉറച്ച വോട്ടുകൾ മാത്രം ചേർന്നാലും ഡിഎംകെയെ മറിച്ചിടാമെന്നാണ് പ്രതീക്ഷ. നേരത്തേ സഖ്യസാധ്യത പലതവണ ടിവികെ തള്ളിയിരുന്നു. ഒപ്പം വിജയ്‍യെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നവരെ മാത്രമേ ഒപ്പം ചേർക്കുകയുള്ളൂവെന്നും വ്യക്തമാക്കി. എന്നാൽ മാറിയ സാഹചര്യത്തിൽ മറിച്ച് ചിന്തിക്കാൻ സാധ്യത തെളിയുന്നുണ്ട്. ബിജെപിയോടൊപ്പം ചേരുന്നത് നിലവിൽ ചിന്തിക്കാനാകാത്തതിനാൽ എഐഎഡിഎംകെയ്ക്കും കരുത്തരായ ഒരു കൂട്ട് അനിവാര്യമാണ്..