ഷിൻഡെയെ ആദരിച്ച് ശരദ് പവാർ, അഭിമാന ക്ഷതമെന്ന് സഞ്ജയ് റാവുത്ത്

Advertisement

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ എൻസിപി നേതാവ് ശരദ് പവാർ ഡൽഹിയിൽ ആദരിച്ചതിനെതിരെ പ്രതിഷേധവുമായി ഉദ്ധവ് താക്കറെ വിഭാഗം രംഗത്ത്. കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശിവസേനയെ പിളർത്തിയ ഷിൻഡെയെ ആദരിക്കുന്നത്, ഷായെ പോലെ ഒരു ബിജെപി നേതാവിനെ ആദരിക്കുന്നതിനു തുല്യമാണെന്ന് ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ഡൽഹിയിൽ നടന്നതു സാഹിത്യ പരിപാടിയാണെന്നും രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്നും എൻസിപി പ്രതികരിച്ചു.

‘‘പവാർ പങ്കെടുക്കരുതായിരുന്നു. ശത്രുവായി കരുതുന്ന ഒരാളെ ആദരിക്കുന്നത് സംസ്ഥാനത്തിന്റെ അഭിമാനത്തിനേറ്റ ക്ഷതമാണ്. ബാലാ സാഹെബ് താക്കറെയുടെ ശിവസേനയെ പിളർത്തിയ ഒരാളെ ആദരിക്കുന്നത് മറാഠി ജനതയ്ക്കു സഹിക്കാനാകില്ല. അങ്ങയുടെ ഡൽഹി രാഷ്ട്രീയം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല’’– സഞ്ജയ് റാവുത്ത് പറഞ്ഞു. ഉദ്ധവ് താക്കറെയെക്കാൾ മികച്ച മുഖ്യമന്ത്രിയായിരുന്നു ഏക്നാഥ് ഷിൻഡെയെന്നും അതു ശരദ് പവാർ അംഗീകരിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ പ്രതികരിച്ചു.

ഡൽഹിയിൽ 98–ാം അഖില ഭാരതീയ മറാഠി സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി മഹാദ്ജി ഷിൻഡെ രാഷ്ട്ര ഗൗരവ് പുരസ്കാരം ശരദ് പവാറാണ് ഷിൻഡെയ്ക്ക് സമ്മാനിച്ചത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര വിതരണം. സാഹിത്യ സമ്മേളനത്തിന്റെ പ്രധാന ചുമതല വഹിക്കുന്നവരിൽ ഒരാളാണ് ശരദ് പവാർ.

LEAVE A REPLY

Please enter your comment!
Please enter your name here