ബംഗളൂരു. സുഖോയ് – 57 ഇ പോർവിമാനത്തിന്റെ നിർമാണത്തിൽ ഇന്ത്യയെ പങ്കാളിയാക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ. എൻജിൻ, സോഫ്റ്റ്‌വെയർ എന്നിവയടങ്ങിയ സാങ്കേതികവിദ്യ കൈമാറാൻ തയ്യാറാണെന്നാണ് റഷ്യയുടെ ഔദ്യോഗിക ആയുധ കയറ്റുമതി കമ്പനിയായ റോസോബോറോൺ എക്സ്പോർട്ട്സ് അറിയിച്ചത്. എയ്റോ ഇന്ത്യയിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ച ആദ്യ ദിനമായ ഇന്ന് ആയിരക്കണക്കിന് പേർ യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനിലേക്ക് ഒഴുകിയെത്തി
ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് 57 വാങ്ങാൻ റഷ്യയുമായി ഇന്ത്യ ചർച്ച നടത്തുന്നുവെന്ന അനൗദ്യോഗിക വിവരം പുറത്തുവന്നിരുന്നു. ഇതിനിടെയാണ് വിമാനത്തിന്റെ നിർമാണത്തിൽ ഇന്ത്യയെ പങ്കാളിയാക്കാമെന്ന് റഷ്യ അറിയിച്ചത്. എൻജിൻ, സോഫ്റ്റ്‌വെയർ എന്നിവയടങ്ങിയ സാങ്കേതികവിദ്യ കൈമാറാൻ സന്നദ്ധമാണെന്ന് റഷ്യയുടെ ഔദ്യോഗിക ആയുധ കയറ്റുമതി കമ്പനിയായ റോസോബോറോൺ പ്രഖ്യാപിച്ചു. എന്നാൽ ഇതിനോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം എയ്റോ ഇന്ത്യയുടെ നാലാം ദിനമായ ഇന്ന് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. പോർ വിമാനങ്ങളുടെ അഭ്യാസപ്രകടനത്തെ ആർപ്പുവിളിയോടെയാണ് യെലഹങ്ക എയർ സ്റ്റേഷനിലെത്തിയ കാണികൾ വരവേറ്റത്
എയർഷോയുടെ സമാപനദിനമായ നാളെയും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. ഗതാഗത കുരുക്ക് ഒഴിവാക്കാൻ ബംഗളൂരു നഗരത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്