ഇംഫാൽ: മണിപ്പൂരിൽ രാഷ്ടപതി ഭരണം ഏർപ്പെടുത്തി. മുഖ്യമന്ത്രി എൻ.ബീരേൻ സിങ് രാജി വെച്ചതോടെയാണ് രാഷ്ട്രപതി ഭരണത്തിന് കളമൊരുക്കിയത്.ഈ മാസം 9നാണ് മുഖ്യമന്ത്രി രാജിവെച്ചത്. ഇതു വരെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല.
മുഖ്യമന്ത്രി എന്ന നിലയിൽ ബീരേൻ സിങ് രണ്ട് വർഷത്തോളം മണിപ്പൂരിൽ ഭിന്നിപ്പുണ്ടാക്കിയതായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.കോൺഗ്രസിൻ്റെ അവിശ്വാസ പ്രമേയം നിയമസഭയിൽ വരുന്നതിൻ്റെ തലേന്നായിരുന്നു രാജി.
ബി ജെ പി കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയതിന് ശേഷമായിരുന്നു ഗവർണറെ കണ്ട് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറിയത് . കേന്ദ്ര നേതൃത്വത്തിന് ബീരേൻ സിങ് നൽകിയ കത്തിൽ പ്രധാനമായും നാല് കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത് . മണിപ്പൂരിൻ്റെ പ്രദേശിക സമഗ്രത നിലനിർത്തണമെന്നും, കുടിയേറ്റക്കാരെ തടയാനും നുഴഞ്ഞ് കയറ്റക്കാരെ നാടുകടത്താനും നയം രൂപീകരിക്കണമെന്നും, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്നും, മയക്ക് മരുന്നിനെതിരെ പോരാട്ടം തുടരണമെന്നുമാണ് കത്തിലെ പരാമർശങ്ങൾ.