ന്യൂഡൽഹി: ഡൽഹി റെയിൽവേസ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം18 ആയി. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. നാല് കുട്ടികളുൾപ്പെടെ 18 പേരുടെ മരണമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. മരണപ്പെട്ടവരിൽ പതിനൊന്ന് പേർ സ്ത്രീകളാണ്. അമ്പതിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം.
പ്രയാഗ് രാജിലേക്ക് മഹാകുംഭമേളയ്ക്കായി പോകാനായെത്തിയവരാണ് അപകടത്തിൽപെട്ടത്. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകൾ റെയിൽവേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകൾ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേർ അബോധവസ്ഥയിലായി, തിരക്കിലമർന്ന് വീണ് ഒട്ടേറെ പേർക്ക് പരിക്കേറ്റു. 13,14, 15 പ്ലാറ്റ്ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്.
ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങും ആഭ്യന്തരമന്ത്രി അമിത് ഷായും ദുഃഖം രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അശ്വിനി വൈഷ്ണവ് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തവിട്ടു.സംഭവത്തിൽ ഉടൻ അന്വേഷണം നടത്താനും ദുരന്തനിവാരണത്തിന് കൂടുതൽ സേനകളെ വിന്യസിക്കാനും നിർദേശം നൽകിയതായി ഡൽഹി ലഫ്.ഗവർണർ അറിയിച്ചു.