വ്യാജമദ്യ വിൽപന എതിർത്തു; എൻജിനീയറിങ് വിദ്യാർഥിയെയും ബന്ധുവിനെയും വെട്ടിക്കൊന്നു

Advertisement

ചെന്നൈ: മയിലാടുംതുറയിൽ അനധികൃത മദ്യവിൽപന എതിർത്ത എൻജിനീയറിങ് വിദ്യാർഥിയെയും ബന്ധുവിനെയും വ്യാജമദ്യ വിൽപന സംഘം വെട്ടിക്കൊന്നു. മൂന്ന് പേർ അറസ്റ്റിലായി. മുട്ടം സ്വദേശികളായ ഹരീഷ് (24) ബന്ധുവും വിദ്യാർഥിയുമായ ഹരിശക്തി(20) എന്നിവരാണ് കൊല്ലപ്പെട്ടത്. മദ്യവിൽപനക്കാരായ രാജ്കുമാർ, തങ്കദുരൈ, മൂവേന്ദൻ എന്നിവർ അറസ്റ്റിലായി. മദ്യവിൽപനയുടെ പേരിൽ ഏതാനും ദിവസം മുൻപു രാജ്‌കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ദിവസത്തിനു ശേഷം ഇയാൾക്കു ജാമ്യം ലഭിച്ചു.

തിരികെയെത്തിയ ഇയാൾ തനിക്കെതിരെ പരാതിപ്പെട്ട ദിനേശ് എന്ന യുവാവിനെ മർദിച്ചതോടെ ഹരീഷും ഹരിശക്തിയും ഇടപെട്ടു. തുടർന്നു തർക്കം രൂക്ഷമായി കയ്യാങ്കളിയിലെത്തിയപ്പോഴാണ് ഇരുവർക്കും വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. രോഷാകുലരായ നാട്ടുകാർ മൂന്ന് പ്രതികളുടെയും വീടുകൾ തല്ലിത്തകർത്തു. അനധികൃത മദ്യവിൽപനയ്ക്കു നേതൃത്വം നൽകുന്ന രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി.

എന്നാൽ, മദ്യവിൽപന സംബന്ധിച്ച തർക്കമല്ല ഇരു വിഭാഗവും തമ്മിലുള്ള മുൻവൈരാഗ്യമാണു കൊലപാതകത്തിനു പിന്നിലെന്നാണു പൊലീസിന്റെ വിശദീകരണം. യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തെ അതിരൂക്ഷമായി വിമർശിച്ച് പ്രതിപക്ഷകക്ഷികളും രംഗത്തെത്തി. ‘അൺസേഫ്’ മോഡൽ സർക്കാരാണു തമിഴ്നാട് ഭരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here