‘ഭയം തോന്നുന്നു, പക്ഷേ, ഓടിപ്പോകുന്നില്ല; രോഗി ചമഞ്ഞ് അമ്മയുടെ ക്ലിനിക്കിലും അവരെത്തുന്നു’

Advertisement

മുംബൈ: റിയാലിറ്റി ഷോയിലെ അശ്ലീല പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ തനിക്കു വധഭീഷണിയുണ്ടെന്നു യുട്യൂബർ രൺവീർ അലാബാദിയ. ‘എനിക്ക് ഭയം തോന്നുന്നു. പക്ഷേ, ഞാൻ ഓടിപ്പോകുന്നില്ല’ എന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ രൺവീർ പറഞ്ഞു.

‘‘എന്നെ കൊല്ലാനും കുടുംബത്തെ വേദനിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ആളുകളിൽനിന്നു വധഭീഷണിയുണ്ട്. ചിലർ രോഗികളായി വേഷമിട്ട് അമ്മയുടെ ക്ലിനിക്കിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. എനിക്കു ഭയം തോന്നുന്നു, എന്തുചെയ്യണമെന്ന് അറിയില്ല. പക്ഷേ ഞാൻ ഓടിപ്പോകുന്നില്ല. ഇന്ത്യയിലെ പൊലീസിലും നീതിന്യായ വ്യവസ്ഥയിലും പൂർണ വിശ്വാസമുണ്ട്’’– രൺവീർ അലാബാദിയ വ്യക്തമാക്കി.

‘ബീയർബൈസെപ്സ്’ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ രൺവീർ അലാബാദിയ, ഹാസ്യനടൻ സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ പരിപാടിയിൽ മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ചു നടത്തിയ പരാമർശങ്ങളാണു വിവാദമായത്. ഇതിനെതിരെ വ്യാപക പരാതി ഉയർന്നതോടെ അലാബാദിയ ക്ഷമ പറഞ്ഞു. കേസെടുത്ത മുംബൈ പൊലീസ് ഹാജരാകാൻ അലാബാദിയയോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച, മുംബൈയിലെയും അസമിലെയും പൊലീസ് സംഘങ്ങൾ വെർസോവ പ്രദേശത്തെ വീട്ടിൽ എത്തിയെങ്കിലും അടച്ചിട്ടിരിക്കുകയായിരുന്നു. പൊലീസുമായും മറ്റ് അധികൃതരുമായും സഹകരിക്കുന്നുണ്ടെന്ന് അലാബാദിയ പോസ്റ്റിൽ പറഞ്ഞു.

ഇൻഫ്ലുവൻസർമാരായ അപൂർവ മുഖിജ, ആശിഷ് ചഞ്ച്‌ലാനി എന്നിവരുൾപ്പെടെ ഏഴു പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഷോയിൽ പങ്കെടുത്തവരടക്കം 40 പേർക്ക് സൈബർ പൊലീസ് നോട്ടിസ് നൽകിയിരുന്നു. സമയ് റെയ്ന നിലവിൽ യുഎസിലാണെന്നും പൊലീസിന് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ബിജെപി നേതാവ് മൃണാൾ പാണ്ഡെ നൽകിയ പരാതിയെ തുടർന്ന് ചൊവ്വാഴ്ചയാണ് അലാബാദിയയ്ക്കെതിരെ മുംബൈ പൊലീസ് ആദ്യ കേസ് റജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെയുള്ളവർ ഇയാൾക്കെതിരെ രംഗത്തു വന്നിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യുട്യൂബർ അലബാദിയയ്ക്കെതിരെ കേസെടുത്തു.

Advertisement