ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി മൂന്ന് വിമാനങ്ങൾ കൂടി ഈയാഴ്ച എത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം 119 പേരെ സൈനിക വിമാനത്തിൽ എത്തിച്ചിരുന്നു. ഇതുവരെ രണ്ട് വിമാനങ്ങൾ എത്തി. പിന്നാലെയാണ് മൂന്ന് വിമാനങ്ങൾ കൂടി എത്തുമെന്ന് പറയുന്നത്. ഇന്ന് 157 പേർ കൂടിയെത്തുമെന്നാണ് അറിയുന്നത്. ഇവരെയും സൈനിക വിമാനത്തിലാണോ യാത്രാ വിമാനത്തിലാണോ എത്തിക്കുക എന്നതിനെക്കുറിച്ച് സ്ഥിരീകരണമില്ല. ആദ്യഘട്ടത്തിൽ 487 പേരെ ഇന്ത്യയിലെത്തിക്കുമെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. ഇവരെയെല്ലാം ഈ ആഴ്ച തന്നെ എത്തിച്ചേക്കും.
വിമാനം പഞ്ചാബിൽ ലാൻഡ് ചെയ്യുന്നതിനെ മുഖ്യമന്ത്രി ഭഗവന്ത് മാൻ എതിർത്തിരുന്നു. എന്തുകൊണ്ട് ഡൽഹിയിൽ വിമാനം ഇറങ്ങുന്നില്ലെന്നായിരുന്നു ചോദ്യം. രണ്ട് വിമാനങ്ങളും അമൃത്‍സറിലാണ് ഇറങ്ങിയത്. അംബാല, ഹിൻഡൻ തുടങ്ങിയ വ്യോമതാവളങ്ങളിൽ എന്തുകൊണ്ട് അമേരിക്കൻ സൈനിക വിമാനം ഇറക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
പാക് അതിർത്തിക്ക് സമീപമായതിനാൽ അന്താരാഷ്ട്ര വിമാന സർവീസ് ഇല്ലാത്ത അമൃത്സറിലാണ് വിമാനം ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഇറക്കിയതുപോലെ കൈ,കാൽ വിലങ്ങ് അണിയിച്ചാണോ യാത്രക്കാരെ എത്തിച്ചതെന്നതിലും വിവരമില്ല. സിഖ് യാത്രക്കാരുടെ തലപ്പാവ് അഴിപ്പിച്ചുവെന്ന് ആരോപണമുയർന്നു.