ചെന്നൈ: മുട്ടദോശ നൽകിയില്ലെന്ന പേരിൽ വെജിറ്റേറിയൻ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ചെന്നൈ അമ്പത്തൂരിലാണ് സംഭവം. മൂന്ന് പ്രതികൾ അറസ്റ്റിലായി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അമ്പത്തൂരിൽ സസ്യാഹാരം മാത്രം ലഭിക്കുന്ന ഹോട്ടലിലേക്ക് ഇന്നലെ രാത്രിയാണ് മൂന്ന് പേർ മദ്യപിച്ച ശേഷം എത്തിയത്. ആദ്യം ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിന് ശേഷം ഇവരിലൊരാൾ മുട്ട ദോശ ആവശ്യപ്പെട്ടു. വെജിറ്റേറിയൻ ഹോട്ടൽ ആണെന്ന മറുപടി നൽകിയ വെയിറ്ററോട് തട്ടിക്കയറി. തുടർന്ന് മണികണ്ഠൻ എന്നയാൾ ക്യാഷ് കൌണ്ടറിലെത്തി ഹോട്ടലുടമ ഇളവരശിനെ വാൾ കൊണ്ട് വെട്ടുകയായിരുന്നു.
മൂക്കിൽ വെട്ടേറ്റ ഇളവരശിനെ ഹോട്ടൽ ജീവനക്കാർ ഓടിയെത്തി ആശുപത്രിയിലേക്ക് മാറ്റി. ബൈക്കിൽ കയറി രക്ഷപ്പെട്ട അക്രമി സംഘത്തെ സമീപത്തെ ശ്മശാനത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ മണികണ്ഠൻ, ശശികുമാർ, മുത്തു എന്നിവർ സ്ഥിരം കുറ്റവാളികളാണെന്നും ഹോട്ടലുകളിൽ കയറി പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയ പണം ഒരു ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് മോഷ്ടിച്ചതാണെന്നും പൊലീസ് പറഞ്ഞു.