ഭൂമിക്കടിയിൽ ട്രെയിൻ ഓടും പോലെ… രാജ്യതലസ്ഥാനം ഉണർന്നത് ഉഗ്രശബ്ദം കേട്ട്, പുറത്തേക്കോടി ജനം

Advertisement

ന്യൂഡൽഹി; അതിരാവിലെ ഉറക്കത്തിൽനിന്ന് ഉണർത്തിയതു ഭൂമിക്കടിയിൽ നിന്നുള്ള ഉഗ്രശബ്ദം. ഒരുനിമിഷം കളയാതെ ഡൽഹി നിവാസികൾ ഭയന്നു വീടുകളിൽനിന്നു പുറത്തേക്കോടി. ഭൂചലനം രാജ്യതലസ്ഥാനത്തിനു പുതുമയുള്ളതല്ലെങ്കിലും പ്രകമ്പനത്തിനൊപ്പം ഭൂമിക്കടിയിൽനിന്നുണ്ടായ വലിയ ശബ്ദമാണു ജനത്തെ പരിഭ്രാന്തരാക്കിയത്. പുലർച്ചെ 5:36നുണ്ടായ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയിലാണെന്ന് നാഷനൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തിന്റെ പ്രകമ്പനം യുപി, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു.

ഭൂചലനത്തെ തുടർന്നു പരിഭ്രാന്തിയുടെ അന്തരീക്ഷമാണു രാജ്യതലസ്ഥാനത്തുണ്ടായത്. പുറത്തേക്ക് ഓടിയിറങ്ങിയ പലരും മൊബൈൽ ഫോണുകളിൽ പരസ്പരം ബന്ധപ്പെടുകയും സുരക്ഷിതരാണെന്ന സന്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. തുടർചലനങ്ങൾ ഉണ്ടാകുമെന്ന ഭയത്താൽ മണിക്കൂറുകളോളം തുറസ്സായ സ്ഥലങ്ങളിൽ ജനം കൂട്ടമായി നിൽക്കുന്ന കാഴ്ചയാണു കാണാനായത്. സംഭവത്തിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും സമാധാനമായി തുടരാനും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ഒപ്പം സുരക്ഷാ മുൻകരുതലുകൾ പിന്തുടരാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. എല്ലാവരും സുരക്ഷിതരാണെന്നു പ്രതീക്ഷിക്കുന്നതായും അടിയന്തര സേവനത്തിന് 112ൽ വിളിക്കാമെന്നും ഡൽഹി പൊലീസ് എക്സിൽ കുറിച്ചു.

അപ്രതീക്ഷിതമായി കെട്ടിടങ്ങൾ കുലുങ്ങിയതോടെ പുറത്തേക്കിറങ്ങിയ ജനം മാധ്യമങ്ങളോടും വ്യത്യസ്തമായിട്ടാണു പ്രതികരണം നടത്തിയത്. ഭൂമിക്കടിയിലൂടെ ട്രെയിൻ പോകുന്ന അനുഭവമാണുണ്ടായതെന്ന് ഒരാള്‍ പ്രതികരിച്ചു. ചുറ്റിലുമുള്ള എല്ലാം കുലുങ്ങുകയായിരുന്നു, ഇതുപോലെ ഒരു അനുഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും ആളുകൾ പ്രതികരിച്ചു. ഭൂചലനത്തിനൊപ്പം വലിയ ശബ്ദം ഭൂമിക്കടിയിൽനിന്നു കേട്ടതാണു ജനത്തെ പരിഭ്രാന്തരാക്കിയത്.

ഭൂചലന സാധ്യതയേറിയ പ്രദേശമാണ് ഡൽഹി. കഴിഞ്ഞ മാസം 23ന് ചൈനയിലെ സിൻജിയാങ്ങിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഡൽഹി – എൻസിആറിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. രണ്ടാഴ്ച മുൻപ്, അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായപ്പോഴും രാജ്യതലസ്ഥാനത്ത് സമാനമായ അവസ്ഥയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here