പ്രയാഗ്‍രാജ്: 40 കോടി ആളുകൾ എത്തുമെന്നു പ്രതീക്ഷിച്ച മഹാകുംഭമേളയിൽ ഇതിനോടകം 50 കോടി പേർ പങ്കെടുത്തതായി റിപ്പോർട്ട്. കുംഭമേള അവസാനിക്കാൻ ഇനിയും ദിവസങ്ങൾ അവശേഷിക്കെയാണ് ഇത്രയധികം പേർ പ്രയാഗ്‍രാജിൽ എത്തിയെന്നു കണക്കുകൾ സൂചിപ്പിക്കുന്നത്. ഗംഗയും യമുനയും അദൃശ്യമായി ഒഴുകുന്ന സരസ്വതിയും സംഗമിക്കുന്ന പ്രയാഗ്‍രാജിലെ നദിയിലിറങ്ങി സ്നാനം ചെയ്യുക എന്നതാണു കുംഭമേളയിലെ പ്രധാന ചടങ്ങ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും കോടിക്കണക്കിന് ആളുകളെത്തി സ്നാനം ചെയ്തിട്ടും നദീജലത്തിൽ ശുചിത്വം ഉറപ്പാക്കുന്നത് എങ്ങനെ എന്നത് ഒട്ടേറെ പേർക്ക് അദ്ഭുതമാണ്.
അതേസമയം, കുംഭമേളയിൽ ദശലക്ഷക്കണക്കിന് ആളുകൾ സ്നാനം ചെയ്തെങ്കിലും ഒരാൾക്കുപോലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേന്ദ്ര ശാസ്ത്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. ഇതിനുള്ള നന്ദി രാജ്യത്തെ ശാസ്ത്ര പുരോഗതിക്കാണ് അദ്ദേഹം നൽകുന്നത്. ‘‘50 കോടിയിലധികം ഭക്തർ ഇതിനകം കുംഭമേളയിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ശുചിത്വ ലംഘനത്തിന്റെയോ പകർച്ചാവ്യാധിയുടേയോ ഒരു സൂചനയും ഇതുവരെ ഉണ്ടായിട്ടില്ല.’’ – പ്രയാഗ്‍രാജിൽ കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ജിതേന്ദ്ര സിങ് മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, ശുചിത്വം നിലനിർത്തുന്നതിനായി രാജ്യത്തെ ആണവ ഗവേഷണ കേന്ദ്രങ്ങൾ സംഭാവന ചെയ്ത സാങ്കേതിക വിദ്യയാണ് കുംഭമേളയിൽ പ്രയോജനപ്പെടുത്തിയത്. അതിശയകരമായ ഈ പ്രവൃത്തി പൂർത്തിയാക്കാൻ മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെയും കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിന്റെയും നേതൃത്വത്തിൽ സജ്ജമാക്കിയ മലിനജല ശുദ്ധീകരണ പ്ലാന്റുകളാണ് പ്രയാഗ്‍രാജിലുള്ളത്.
ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിങ് ബാച്ച് റിയാക്ടറുകളാണ് കുംഭമേളയിൽ ജലശുദ്ധീകരണത്തിനായി പ്രവർത്തിക്കുന്നത്. സൂക്ഷ്മാണുക്കളെ ഉപയോഗിച്ചു മലിനജലം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രതിദിനം നദിയിലെ ഒന്നരലക്ഷം ലീറ്റർ മലിനജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ഗംഗയുടെ തീരത്തായി പ്രവർത്തിക്കുന്നത്. പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കുറച്ചു സ്ഥലം മാത്രം മതി, ഒപ്പം ശുദ്ധീകരണത്തിനുള്ള പ്രവർത്തന ചെലവ് കുറവെന്നതും ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകതകളാണ്.
നദിയിൽ ഭക്തർ ഉപേക്ഷിക്കുന്ന വസ്തുക്കളും പൂജാസാധനങ്ങളും വേഗത്തിൽ നീക്കം ചെയ്യുന്നതിനുള്ള യന്ത്രവത്കൃത സംവിധാനങ്ങളും യുപി ഭരണകൂടം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായുള്ള ശുദ്ധജലം ഉറപ്പാക്കുന്നതിനായി 200ലധികം ഓട്ടോമാറ്റിക് ഡിസ്‌പെൻസിങ് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്. മുൻപ് നടന്നിട്ടുള്ള കുംഭമേളകളിൽ പകർച്ചാവ്യാധികൾ പിടിപെട്ട സംഭവമുണ്ടായിട്ടുണ്ട്. എന്നാൽ ശാസ്ത്രത്തെ കൂട്ടുപിടിച്ചുള്ള ചിട്ടയായ പ്രവർത്തനങ്ങൾ ഇക്കുറി ഫലം കണ്ടു എന്നാണ് കേന്ദ്രമന്ത്രിയുടെ വാക്കുകൾ തെളിയിക്കുന്നത്.