സ്ത്രീകളുടെ കാലുകളോട് അഭിനിവേശം, പരിശോധിച്ചപ്പോൾ ഫോണിൽ ആയിരത്തിലധികം ഫോട്ടോകൾ, 25കാരനെ കൈയോടെ പൊക്കി പൊലീസ്

Advertisement

ആഗ്ര: സ്ത്രീകളുടെ കാലുകളുടെ ഫോട്ടോ എടുക്കുന്ന 25 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യമായും പണം വാഗ്ദാനം ചെയ്തുമാണ് യുവാവ് സ്ത്രീകളുടെ കാലുകളുടെ ഫോട്ടോയെടുത്തിരുന്നത്. ഫെബ്രുവരി ഒന്നിന് ഒരു യുവതി ഹാത്രാസ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ദീപക് ശർമ്മ എന്ന യുവാവ് സോഷ്യൽ മീഡിയ വഴി തന്നെ ബന്ധപ്പെടുകയും തന്റെ കാലുകളുടെ ചിത്രങ്ങൾക്കായി സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് യുവതി പരാതിയിൽ പറഞ്ഞു. തുടർന്നായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിൽ, സ്ത്രീകളുടെ കാലുകളിൽ തനിക്ക് അഭിനിവേശമുണ്ടെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് പറയുന്നു.

ഓൺലൈനിൽ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ കാലുകളുടെ ഫോട്ടോകൾ ആവശ്യപ്പെട്ടതായും അവർ വിസമ്മതിച്ചാൽ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സ്ത്രീകളുടെ കാലുകളുടെ 1,000-ലധികം ചിത്രങ്ങൾ കണ്ടെത്തി. കഴിഞ്ഞ വർഷം ഒക്ടോബർ 24 ന് യുവാവ് തനിക്ക് സ്നാപ്ചാറ്റിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതായി പരാതിക്കാരി പൊലീസിനോട് പറഞ്ഞു. തുടക്കത്തിൽ സാധാരണ സംഭാഷണങ്ങളിൽ ഏർപ്പെട്ടെങ്കിലും താമസിയാതെ അനുചിതമായ പരാമർശങ്ങൾ നടത്താൻ തുടങ്ങി. പിന്നീട്, കാലുകളുടെ ചിത്രങ്ങൾ ആവശ്യപ്പെട്ടു.

നിരസിച്ചപ്പോൾ, അയാൾ പണം വാഗ്ദാനം ചെയ്തു. തുടർച്ചയായി നിരസിച്ചപ്പോൾ കൊല്ലുമെന്നും അവരുടെ സംഭാഷണം പരസ്യമാക്കുമെന്നും അയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഐടി ആക്ടിലെ സെക്ഷൻ 66D, ബിഎൻഎസ് സെക്ഷൻ 351(4) എന്നീ കുറ്റങ്ങളാണ് ശർമ്മയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്റെ സർവീസിൽ ഇത്തരമൊരു കേസ് ഞാൻ കണ്ടിട്ടില്ലെന്ന് എന്ന് എസ്പി സിൻഹ പറഞ്ഞു.

Advertisement