രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് തള്ളി; ഗ്യാനേഷ് കുമാര്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍

Advertisement

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിർപ്പ് തള്ളി ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു.

നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ചൊവ്വാഴ്ച സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

കഴിഞ്ഞ മാര്‍ച്ചിലാണ് ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റത്. 1988 ബാച്ച്‌ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നിവരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നത്.

സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റീസിനെ കേന്ദ്രം ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മറ്റന്നാള്‍ ഇത് സംബന്ധിച്ച കേസ് സുപ്രീംകോടതി പരിഗണിക്കും.

ഈ സാഹചര്യത്തില്‍ സുപ്രീംകോടതി നിലപാടറിഞ്ഞ ശേഷമേ തീരുമാനമെടുക്കാവൂ എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റീസ് കെ.എം.ജോസഫിന്‍റെ വിധി ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി വിയോജന കുറിപ്പ് നല്‍കിയത്.

ഈ വര്‍ഷം ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം ബംഗാള്‍, അസം, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറാകും നിയന്ത്രിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here