ന്യൂഡൽഹി. റെയിൽവേ സ്റ്റേഷൻ അപകടത്തിൽ റെയിൽവേയെ തള്ളി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്.അനൗൺസ്‌മെന്റിലൂടെ ഉണ്ടായ ആശയകുഴപ്പമാണ് അപകടത്തിനു ഇടയാക്കിയത് എന്ന് ആർ പി എഫ്.കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കരുതെന്ന് സ്റ്റേഷന്‍ ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നതായും ആർ പി എഫ് സമർപ്പിച്ച രേഖ മൂലമുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ 18 പേരുടെ മരണത്തിന് ഇടയാക്കിയ തിക്കിനും തിരക്കിനും കാരണം റെയിൽവേ യുടെ അറിയിപ്പുകൾ ഉണ്ടാക്കിയ
ആശയക്കുഴപ്പമാണെന്ന പോലീസിന്റെ റിപ്പോർട്ട് ശരിവക്കുകയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്.
ശനിയാഴ്ച്ച രാത്രി എട്ടേമുക്കാലിന് കുംഭമേള പ്രത്യേക ട്രെയിന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ 12 ല്‍ നിന്നും പുറപ്പെടുമെന്ന് അറിയിപ്പ് നൽകി.കുറച്ച് സമയത്തിനു ശേഷം കുംഭ മേള സ്‌പെഷ്യല്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ 16 ൽ നിന്നും പുറപ്പെടും എന്ന ഒരു അറിയിപ്പ് വന്നു.പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാതകളിലെ തിരക്ക് നിയന്ത്രിക്കാൻ ആർ പി എഫ് ശ്രമിക്കുന്നതിനിടെ വന്ന ഈ അറിയിപ്പ് ആശയക്കുഴപ്പം ഉണ്ടാക്കുകയും ആളുകൾ നടപ്പാതയിലേക്ക് ഇരച്ചെത്താൻ കാരണമാവുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
തിരക്ക് വർദ്ധിച്ചതോടെ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണര്‍ ജാഗ്രത നിര്‍ദേശം നല്‍കി. കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കരുതെന്ന് സ്റ്റേഷന്‍ ഡയറക്ടറോട് ആവശ്യപ്പെട്ടു എന്നും ആർ പി എഫ് ന്റെ റിപ്പോർട്ടിൽ പറയുന്നു.ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഡല്‍ഹി സോണിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഫെബ്രുവരി 16 ന് സമര്‍പ്പിച്ച രേഖാമൂലമുള്ള റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അപകടവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയില്‍വേ ആവശ്യപ്പെട്ടിരുന്നു.
എല്ലാ വിഭാഗങ്ങളും സമർപ്പിച്ച റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാകും,റെയിൽവേ നിയോഗിച്ച ഉന്നതല സമിതി അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.