യുപിഐ സേവനദാതാവായ ഗൂഗിള്‍ പേ, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ബില്‍ പേയ്മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. വൈദ്യുതി, പാചക വാതകം തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അടയ്ക്കുമ്പോഴാണ് ഗൂഗിള്‍ പേ ഫീസ് ഈടാക്കുക.
ഇടപാട് മൂല്യത്തിന്റെ 0.5 ശതമാനം മുതല്‍ 1 ശതമാനം വരെയാണ് ഫീസ്. ചരക്ക് സേവന നികുതിയും (ജിഎസ്ടി) ഈടാക്കും. ഒരു വര്‍ഷം മുന്‍പ് മൊബൈല്‍ റീചാര്‍ജുകള്‍ക്ക് 3 രൂപ കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് ശേഷമാണ് ഇത് വരുന്നത്. അതേസമയം ബാങ്ക് അക്കൗണ്ടുകളുമായി നേരിട്ട് ലിങ്ക് ചെയ്തിട്ടുള്ള യുപിഐ ഇടപാടുകള്‍ ഫീസ് രഹിതമായി തുടരും. പേയ്മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവുകള്‍ നികത്താനുള്ള മാര്‍ഗമായിട്ടാണ് ഫീസിനെ കാണുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.