ലഖ്‌നൗ: മഹാകുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെ വീഡിയോകൾ ചിത്രീകരിച്ച് വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് ഉത്തർപ്രദേശ് പൊലീസ്. ഇതുവരെ 103 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും വീഡിയോകൾ ചില പ്ലാറ്റ്‌ഫോമുകൾ അപ്‌ലോഡ് ചെയ്യുന്നതായി യുപി സോഷ്യൽ മീഡിയ മോണിറ്ററിംഗ് സംഘം കണ്ടെത്തിയതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേള ദശലക്ഷക്കണക്കിന് ഹിന്ദു വിശ്വാസികളെ പ്രയാഗ്‌രാജ് നഗരത്തിലേക്ക് എത്തുന്നത്. ആറ് ആഴ്ച നീണ്ടുനിൽക്കുന്ന കുംഭമേള ഹിന്ദു മതത്തിലെ ഏറ്റവും വലിയ ഒത്തുകൂടലാണ്. ഏകദേശം 500 ദശലക്ഷം ഭക്തർ ഇതിനകം പ്രയാഗ്‍രാജ് സന്ദർശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചില സോഷ്യൽ മീഡിയ പ്രൊഫൈലുകളും ഗ്രൂപ്പുകളും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് വ്യക്തമായി. അവർക്കെതിരെ ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അത്തരം ദുഷ്‌പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും തിരിച്ചറിഞ്ഞ് നടപടിയെടുക്കുമെന്ന് മഹാ കുംഭ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ഇൻ ജനറൽ (ഡിഐജി) വൈഭവ് കൃഷ്ണ പറഞ്ഞു. ഇത്തരം വീഡിയോകൾ വിൽക്കുന്നവരെയും അവ വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ 103 സോഷ്യൽ മീഡിയ പ്രൊഫൈലുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയില്‍ മഹാ കുംഭമേളയിലെ സ്ത്രീകളുടെ സ്വകാര്യ വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന പ്രൊഫൈലുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.