ന്യൂഡൽഹി: രാംലീല മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം യമുനയുടെ തീരത്ത് വൈകുന്നേരം നടന്ന ആരതിയിൽ പങ്കെടുത്ത് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. പുതുതായി ചുമതലയേറ്റ കാബിനറ്റ് മന്ത്രിമാരും ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയും വസുദേവ് ഘട്ടിൽ മന്ത്രിമാര്‍ക്കൊപ്പം ചേർന്നു.
ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്ന് ആദ്യമായി എംഎൽഎയായ രേഖാ ഗുപ്ത ഡൽഹിയുടെ ഒന്‍പതാമത് മുഖ്യമന്ത്രിയാണ്. പർവേഷ് വർമ, ആഷിഷ് സൂദ്, മഞ്ചീന്ദർ സിങ്, രവീന്ദ്ര ഇന്ദാർജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാര്‍.
ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷാലിമാര്‍ ബാഗ് മണ്ഡലം പിടിച്ചെടുത്ത് രാജ്യതലസ്ഥാനം ഭരിക്കാനൊരുങ്ങുന്ന രേഖ ശർമ. ഡൽഹി രാംലീല മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിങ്, ജെപി നദ്ദ, അടക്കം കേന്ദ്രമന്ത്രിമാരും വിവിധ എൻഡിഎ മുഖ്യമന്ത്രിമാരും സന്നിഹിതരായിരുന്നു.
അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേഷ് വര്‍മ്മയെ പോലും മാറ്റിനിര്‍ത്തിയാണ് രേഖ ഗുപ്തയെ ഡൽഹിയുടെ മുഖ്യമന്ത്രിയായി ബിജെപി തെരഞ്ഞെടുത്തത്. ബിജെപി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയും, ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് രേഖ ഗുപ്ത. ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചെത്തിയ വനിതാ നേതാവിനെ ബിജെപി ഡൽഹി ഭരിക്കാനേൽപ്പിച്ചത് വ്യക്തമായ കണക്കുകൂട്ടലുകളോടെയാണെന്നാണ് വിലയിരുത്തൽ.