കെസിആറിനെതിരെ ആഴിമതി ആരോപണം ഉന്നയിച്ച സാമൂഹികപ്രവർത്തകൻ കൊല്ലപ്പെട്ടു; ‘കേസിൽ തോൽക്കുമെന്ന് പേടി’

Advertisement

ഹൈദരാബാദ്∙: തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കോടതിയെ സമീപിച്ച സാമൂഹികപ്രവർത്തകൻ കൊല്ലപ്പെട്ടു. ജയശങ്കർ ഭൂപാലപള്ളി ജില്ലയിൽ എൻ.രാജലിംഗ മൂർത്തിയാണ് (50) അജ്ഞാതരുടെ കുത്തേറ്റ് ബുധനാഴ്ച മരിച്ചത്.

കാളേശ്വരം ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അണക്കെട്ട് നിർമാണത്തിൽ കെസിആറും അനന്തരവനും മുൻ മന്ത്രിയുമായ ഹരീഷ് റാവുവും മറ്റ് ഉദ്യോഗസ്ഥരും അഴിമതി നടത്തിയെന്നാരോപിച്ച് 2023 ഒക്ടോബറിലാണ് രാജലിംഗ മൂർത്തി കോടതിയെ സമീപിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെസിആറിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും രാജലിംഗമൂർത്തി ആവശ്യപ്പെട്ടിരുന്നു. കേസിന്റെ വിചാരണ വ്യാഴാഴ്ച തുടങ്ങാനിരിക്കെയായിരുന്നു ഇദ്ദേഹം കൊല്ലപ്പെട്ടത്.

ബൈക്കിൽ യാത്ര ചെയ്യവേ രാജലിംഗ മൂർത്തിയെ ഒരു സംഘം തടഞ്ഞ് കുത്തിവീഴ്ത്തുകയായിരുന്നു. അതേസമയം, കൊലപാതകത്തിനു പിന്നിൽ കെസിആറുമായി ബന്ധപ്പെട്ടവരാണെന്ന് ആരോപിച്ച് രാജലിംഗ മൂർത്തിയുടെ ഭാര്യ എൻ.സരള രംഗത്തെത്തി. കെസിആറിന്റെ മകനും ബിആർഎസ് പ്രസിഡന്റുമായ കെ.ടി. രാമറാവുവുമായി അടുത്ത ബന്ധം പുലർത്തുന്ന എംഎൽഎ ഗന്ദ്ര വെങ്കടരമണ റെഡ്ഡിയുടെ അനുയായികളാണ് മൂർത്തിയെ ആക്രമിച്ചതെന്ന് സരള പറഞ്ഞു. അഴിമതിക്കേസ് പിൻവലിച്ചാൽ മൂർത്തിക്ക് 10 ലക്ഷം രൂപ നൽകാമെന്ന് കെസിആറുമായി ബന്ധപ്പെട്ടവർ വാഗ്ദാനം നൽകിയിരുന്നെന്നും ഇതിന് വിസമ്മതിച്ചതിനാലാണ് കൊലപാതകമെന്നും അവർ ആരോപിച്ചു.

‘കെടിആറിന്റെ അനുയായിയാണ് വെങ്കടരമണ റെഡ്ഡി. അയാളുടെ ആളുകളാണ് കൊലപാതകം നടത്തിയത്. പത്തു ദിവസം മുൻപ് അവർ എന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തിയിരുന്നു. പരാതി പിൻവലിച്ചാൽ 10 ലക്ഷം രൂപ നൽകാമെന്നും പറഞ്ഞു. നടുറോഡിലിട്ട് റെഡ്ഡിയാണ് അദ്ദേഹത്തെ കൊല്ലിച്ചത്. കേസിൽ തോൽക്കുമെന്ന് അവർക്ക് പേടിയുണ്ടായിരുന്നു. എനിക്ക് നീതി വേണം’– സരള പറഞ്ഞു. ബിആർഎസിന്റെ മുൻ കൗൺസിലറായിരുന്ന സരള പിന്നീട് കോൺഗ്രസിൽ ചേർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here