ബലാത്സംഗ പരാതിയെ തുടർന്ന് വീട് തകർത്തു, ജയിലിലടച്ചു; 4 വർഷത്തിന് ശേഷം 58കാരനെ വെറുതെ വിട്ട് കോടതി

Advertisement

ഭോപ്പാൽ: ബലാത്സംഗ കേസിൽ പ്രതിയായ 58 കാരനെ വെറുതെ വിട്ട് രാജ്ഗഡ് ജില്ലാ സെഷൻസ് കോടതി. ഷഫീഖ് അൻസാരിയെയാണ് നാലു വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം കോടതി വെറുതെ വിട്ടത്. 2021 മാർച്ചിൽ അയൽവാസിയായ യുവതി നൽകിയ പരാതിയിലാണ് പൊലീസ് മുൻ വാർഡ് കൗൺസിലർ കൂടിയായ അൻസാരിയെ അറസ്റ്റ് ചെയ്തത്. പീഡന പരാതി വ്യാജമായിരുന്നെന്നാണ് കോടതി കണ്ടെത്തിയത്. ഷഫീഖ് അൻസാരി അറസ്റ്റിലായതിന് ശേഷം അയാളുടെ വീട് അനധികൃതമായി നിർമ്മിച്ചതാണെന്നാരോപിച്ച് അധികൃതർ പൊളിച്ചു കളഞ്ഞു. തന്നോടുള്ള വിരോധമാണ് ഇതിന് കാരണം എന്നാണ് അൻസാരി പ്രതികരിച്ചത്.

പരാതിക്കാരിയായ യുവതിയുടെ വീട്ടിൽ ലഹരിമരുന്ന്‌ വിൽപ്പന നടത്തുന്നതായി ഷഫീഖ് അൻസാരി പരാതിപ്പെട്ടിരുന്നു. ഈ പരാതിയിൽ അധികൃതർ നടപടി എടുക്കുകയും ചെയ്തു. ഈ വിരോധമാണ് യുവതിയെ കള്ളപ്പരാതി നൽകാൻ പ്രേരിപ്പിച്ചത്. 2021 ഫെബ്രുവരി നാലിന് മകൻറെ വിവാഹത്തിന് സഹായം വാഗ്ദാനം ചെയ്ത് അൻസാരി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. എന്നാൽ യുവതിയുടേയും കുടുംബാംഗങ്ങളുടേയും മൊഴികൾ പരസ്പര വിരുദ്ധമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കോടതി നിരീക്ഷിച്ചു.

ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ അൻസാരിക്ക് കേറിചെല്ലാൻ വീടുണ്ടായിരുന്നില്ല. അൻസാരിയും കടുംബവും താൽക്കാലികമായി താമസിച്ചിരുന്നത് സഹോദരൻറെ വീട്ടിലാണ്. പിന്നീട് തറവാട് വീട്ടിലേക്ക് മാറിയെന്നും കേസ് കാരണം കുടുംബം മുഴുവൻ കഷ്ടപ്പെട്ടെന്നും അൻസാരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here