വിവാഹേതര ബന്ധങ്ങള്‍ എതിര്‍ത്തു; ഭാര്യയെ കുംഭമേളയ്ക്ക് എത്തിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍

Advertisement

വിവാഹേതര ബന്ധങ്ങള്‍ എതിര്‍ത്തതിന്റെ പേരില്‍ ഭാര്യയെ മഹാകുംഭമേളയ്ക്ക് എത്തിച്ച് കൊലപ്പെടുത്തി കടന്നയാള്‍ പോലീസ് പിടിയിലായി. ഡല്‍ഹി ത്രിലോക്പുരി സ്വദേശിയായ അശോക് കുമാറാണ് പിടിയിലായത്. കുംഭമേളയാണ് തന്റെ ഭാര്യയെ ഒഴിവാക്കാനുള്ള മികച്ച അവസരമെന്ന് തിരിച്ചറിഞ്ഞ പ്രതി മാസങ്ങളായുള്ള ഗൂഢാലോചനയ്‌ക്കൊടുവിലാണ് കൃത്യം നടപ്പിലാക്കിയതെന്നും പൊലീസ് പറയുന്നു.
ചൊവ്വാഴ്ചയാണ് ഡല്‍ഹിയില്‍ നിന്ന് പ്രതിയും ഭാര്യ മീനാക്ഷിയും പ്രയാഗ്രാജിലെത്തി കെത്വാനയിലെ ആസാദ് നഗറില്‍ മുറിയെടുക്കുന്നത്. അന്ന് രാത്രി ഭാര്യയുമായി വഴക്കിട്ട ഇയാള്‍ മീനാക്ഷിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം രക്തം പുരണ്ട വസ്ത്രങ്ങളും കത്തിയും മേള നടക്കുന്നയിടത്തെ ചവറ്റുകുട്ടകളില്‍ ഒന്നില്‍ നിക്ഷേപിച്ചു. ശേഷം പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി ഭാര്യയെ കുംഭമേളയ്ക്കിടെ കാണാനില്ലെന്ന് പരാതി നല്‍കി മുങ്ങുകയായിരുന്നു. താനും ഭാര്യയും കുംഭമേളയില്‍ പങ്കെടുത്തെന്ന് തെളിയിക്കാനായി മേളയുടെ നിരവധി വിഡിയോകളും ഗംഗാ സ്‌നാനത്തിന്റെ വിഡിയോയും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
മീനാക്ഷിക്കായുള്ള അന്വേഷണത്തിനിടെ പൊലീസ് ഹോട്ടലിലെ കുളിമുറിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തിരിച്ചറിയല്‍ രേഖകള്‍ ഒന്നും തന്നെ പ്രതി ഹോട്ടലില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. മീനാക്ഷിയുടെ സഹോദരന്‍ പ്രവേശന്‍ കുമാറിനെയും മക്കളായ അശ്വാനി, ആദര്‍ശ് എന്നിവരെയും ബന്ധപ്പെട്ടാണ് മൃതദേഹം മീനാക്ഷിയുടേതെന്ന് പൊലീസ് സ്ഥീരീകരിക്കുന്നത്. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വഴക്ക് പതിവാണെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ മൂന്ന് മാസമായി പ്രതി ഭാര്യയെ കൊല്ലാന്‍ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്. പ്രതിക്കെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും കേസെടുത്തിട്ടുണ്ട്. ഡല്‍ഹി നഗര്‍ നിഗത്തിലെ ശുചിത്വ തൊഴിലാളിയാണ് അശോക് കുമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here