കൊളംബോ: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 32 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തതായും നാവികസേന അറിയിച്ചു. മാന്നാറിന് വടക്കുള്ള കടല്‍ പ്രദേശത്ത് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് അറസ്റ്റ് നടന്നതെന്ന് ശ്രീലങ്കന്‍ നാവികസേന പ്രസ്താവനയില്‍ പറഞ്ഞു.
വിദേശ മത്സ്യബന്ധന ബോട്ടുകളുടെ നിയമവിരുദ്ധ മത്സ്യബന്ധന രീതികള്‍ തടയുന്നതിനായി ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ നാവികസേന പതിവായി പട്രോളിംഗും പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നും, പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തില്‍ ഈ രീതികള്‍ ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
പിടിച്ചെടുത്ത ബോട്ടുകളും അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെയും തലൈമന്നാര്‍ പിയറില്‍ എത്തിച്ചതായും നിയമനടപടികള്‍ക്കായി മാന്നാറിലെ ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറുമെന്നും നാവികസേന അറിയിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് ഈ വര്‍ഷം ഇതുവരെ 131 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ നാവികസേന അറസ്റ്റ് ചെയ്യുകയും 18 മത്സ്യബന്ധന ബോട്ടുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.