ന്യൂഡൽഹി: കേരള എക്സ്പ്രസിൽ വീണ്ടും മോഷണ പരമ്പര അരങ്ങേറിയതോടെ നാട്ടിലേക്കുള്ള യാത്ര നരകതുല്യമായതായി മലയാളികൾ. ടിക്കറ്റ് കിട്ടാൻ നട്ടംതിരിയണം, സീറ്റ് പിടിച്ചുവാങ്ങണം, ഒപ്പമുള്ളവരുടെ സുരക്ഷ നോക്കണം, അതിനിടയിലാണു മോഷണമെന്ന പേടിസ്വപ്നം.
കൽക്കാജി ദേശ് ബന്ധു കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനി അനഘ അനിൽകുമാറിന്റെ ലാപ്ടോപ്പും മറ്റു വിലപിടിപ്പുള്ള സാധനങ്ങളുമടങ്ങിയ ബാഗ് മോഷണം പോയത് ഇക്കഴിഞ്ഞ 12നാണ്. പതിനായിരത്തോളം രൂപയുടെ മേക്കപ്പ് സാധനങ്ങൾ, ആർട്ടിഫിഷ്യൽ ആഭരണങ്ങൾ, വാച്ച്, 3000 രൂപ, കോളജ് ഐഡി, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയവയെല്ലാം നഷ്ടമായി. മയൂർ വിഹാർ ഫേസ്-2, പോക്കറ്റ് സി താമസക്കാരായ കൊല്ലം മയ്യനാട് അനിൽ കുമാറിന്റെയും ലൈനയുടെയും മകളാണ് അനഘ.
16നാണ് കൊല്ലം കുറ്റിക്കട കെവിവിഇഎസ് യൂത്ത് വിങ് ജനറൽ സെക്രട്ടറി എൻ.എ. നിഷാദിന്റെ ബാഗ് കവർന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പാർലമെന്റ് മാർച്ചിനായി ഡൽഹിയിലേക്ക് വരുമ്പോഴാണ് 7000 രൂപയും സാധനങ്ങളുമടങ്ങിയ ബാഗ് കള്ളൻമാർ കൊണ്ടുപോയത്. തിരികെ പോകാൻ ട്രെയിൻ ടിക്കറ്റ് എടുത്തിരുന്നെങ്കിലും ദുരനുഭവമോർത്ത് വിമാനത്തിലായിരുന്നു നിഷാദിന്റെ മടക്കം. രണ്ടു സംഭവങ്ങളിലും റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ പരാതിക്കാരെ ഫോണിൽ വിളിക്കുക പോലും ചെയ്തിട്ടില്ല.
ശുചിത്വം പൂജ്യം, സുരക്ഷ വട്ടപ്പൂജ്യം
ദക്ഷിണേന്ത്യൻ ട്രെയിനുകളിൽ കൊള്ള നടത്തുന്നത് ഉത്തരേന്ത്യൻ സംഘമെന്നാണ് പൊലീസ് നിഗമനം. ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശിലെ മിർസാപുർ എന്നിവിടങ്ങളിൽ നിന്നു സംഘങ്ങൾ കൂട്ടത്തോടെ ‘കള്ളവണ്ടി’ കയറി മോഷണം നടത്തി മുങ്ങുന്നുവെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ഉറങ്ങിക്കിടക്കുന്ന യാത്രക്കാരാണ് കവർച്ചയ്ക്ക് ഇരയാകുന്നതിൽ അധികവും. ട്രെയിനിന്റെ ജനലിലൂടെ കയ്യിട്ട് മാല പൊട്ടിക്കുന്ന കേസുകളുമുണ്ട്.
കേരളത്തിൽ നിന്നും തിരിച്ചുമുള്ള ട്രെയിനുകളിൽ മോഷണം പെരുകുന്നതായി റെയിൽവേ തന്നെ സമ്മതിച്ചിട്ടുണ്ടെങ്കിലും തടയാനുള്ള ഫലപ്രദമായ മാർഗങ്ങൾ ഇതേവരെ ഉണ്ടായിട്ടില്ല. കേരള എക്‌സ്‌പ്രസിലാണ് ഏറ്റവും കൂടുതൽ മോഷണം നടക്കുന്നതെങ്കിലും മംഗള, രാജധാനി, സമ്പർക്കക്രാന്തി എന്നീ ട്രെയിനുകളിലും ഇത്തരം സംഭവങ്ങൾ കുറവല്ല. നാഗ്പുർ, ഇറ്റാർസി സ്‌റ്റേഷനുകൾ മുതൽ റിസർവേഷൻ കംപാർട്ട്മെന്റിൽ റിസർവേഷനില്ലാത്ത യാത്രക്കാർ കയറുന്നത് പതിവാണ്. ഇവരെ തടയുന്നതിനുള്ള ശ്രമം അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവാറില്ല. യാത്രക്കാർ സ്വന്തം നിലയിലാണ് ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുന്നത്. ഈ ഭാഗത്ത് രാത്രി വൈകിയാണ് ട്രെയിനുകൾ എത്തുന്നത്. ഭൂരിപക്ഷം യാത്രക്കാരും ഉറക്കത്തിലായതിനാൽ അനധികൃതമായി യാത്ര ചെയ്യുന്നവരെ നിയന്ത്രിക്കുന്നതും ബുദ്ധിമുട്ടാണ്.
മോഷണങ്ങൾ ആസൂത്രിതം
കേരള എക്‌സ്‌പ്രസിൽ രണ്ടു വിധത്തിലാണു മോഷണം നടക്കുന്നത്. ഒന്ന്: യാത്ര തുടങ്ങാൻ ഡൽഹി റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ എത്തുമ്പോഴുണ്ടാകുന്ന തിരക്കിനിടയിൽ. രണ്ട്: ട്രെയിൻ ആഗ്രയോ ഭോപ്പാലോ കഴിയുമ്പോൾ. തിരിച്ചുള്ള യാത്രയിലും ഇതുപോലെ ഭോപ്പാലിനുശേഷമാണു മോഷണം അധികവും നടക്കുന്നത്.
യാത്ര തിരിക്കുന്നതിനു 10 മിനിറ്റ് മുൻപു മാത്രമാണു പലപ്പോഴും കേരള എക്‌സ്‌പ്രസ് ഡൽഹി റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലെത്തുന്നത്. നാട്ടിലേക്കു പോകുന്നവർ ധൃതിയിൽ തങ്ങളുടെ സാധനങ്ങൾ (ഒന്നിലേറെ പെട്ടികളും ബാഗുകളും) ബോഗിക്കകത്തു കയറ്റുകയും സീറ്റ് തപ്പിപ്പിടിക്കുകയും ചെയ്യുന്നതിനിടയിൽ സാധനങ്ങൾ മോഷ്‌ടിക്കപ്പെടുന്നു. മോഷ്‌ടാക്കളുടെ വലിയൊരു സംഘം തന്നെ സ്‌റ്റേഷനിലുണ്ടാകും. നിമിഷങ്ങൾക്കകം ബാഗുകളും പെട്ടികളും കൈമറിയുന്നു.
നാട്ടിലേക്കു പോകുന്ന സ്‌ത്രീകൾ പലപ്പോഴും സ്വർണാഭരണങ്ങൾ ശരീരത്തിൽതന്നെ അണിയുന്നതും മോഷ്ടാക്കൾക്ക് അവസരമുണ്ടാക്കിക്കൊടുക്കാറുണ്ട്. ഗുജറാത്തിൽനിന്നും മുംബൈയിൽനിന്നും കൊങ്കൺ റൂട്ടിൽ യാത്ര ചെയ്ത ചില മലയാളി സ്ത്രീകൾ ഇങ്ങനെ ആക്രമിക്കപ്പെടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ കവർച്ചക്കേസുകൾക്കൊന്നും തുമ്പുണ്ടായിട്ടില്ല.
ദുരന്തം ദുരിതപൂർണം
വിലപിടിപ്പുള്ള സാധനങ്ങൾ മാത്രമല്ല രേഖകളും മോഷണം പോവുന്നതാണു മറ്റൊരു ദുരന്തം. നഴ്സുമാർ ഉൾപ്പെടെ ഒട്ടേറെ മലയാളികൾ രാജ്യത്തിന്റെ നാനാ ഭാഗത്തും ജോലി നോക്കുന്നുണ്ട്. ഇവരിൽ പലരും യാത്ര ചെയ്യുമ്പോൾ സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും മറ്റു യാത്രാരേഖകളും കൂടെ കൊണ്ടുപോകുന്നു. അവ മോഷണം പോയതു കാരണം കണ്ണീരു കുടിക്കേണ്ടി വന്നിട്ടുള്ളവരും ഏറെ. ട്രെയിനുകളിൽ കവർച്ചയും മോഷണവും തടയാൻ ശക്‌തമായ നടപടികളെടുക്കുമെന്നു റെയിൽവേ മന്ത്രിമാർ ആവർത്തിച്ചു പ്രഖ്യാപിക്കാറുണ്ട്. എന്നാൽ പേരിനു മാത്രം രണ്ടു പൊലീസുകാരെ ചില ട്രെയിനുകളിൽ നിയോഗിക്കുന്നതിൽ ഒതുങ്ങി നിൽക്കുകയാണ് ഈ നടപടികൾ. ഈ പൊലീസുകാർക്കു സംഘടിതമായ മോഷണം തടയാനുള്ള പരിശീലനമോ ശേഷിയോ ആയുധങ്ങൾപോലുമോ ഇല്ല.
തീവണ്ടിക്കൊള്ള
ട്രെയിനുകളിലെ യാത്ര സുരക്ഷ നൽകേണ്ട ഉത്തരവാദിത്തം റെയിൽവേയ്ക്കുണ്ട്. ഇക്കാര്യത്തിൽ കേരളത്തിലെ എംപിമാർ അടക്കം പലപ്പോഴായി പല നിവേദനങ്ങളും നൽകിയിട്ടും റെയിൽവേ അനങ്ങിയിട്ടില്ല. ട്രെയിൻ യാത്രകളിൽ മലയാളികൾക്ക് സുരക്ഷിതമായി യാത്രചെയ്യാൻ ചില ആവശ്യങ്ങൾ ഇവയാണ്…
∙ ദീർഘദൂര ട്രെയിനുകൾ നേരത്തെ പ്ലാറ്റ്ഫോമിൽ എത്തിക്കണം.
∙ വഴികളിലും വിജനമായ സ്റ്റേഷനുകളിലും അനാവശ്യമായി ട്രെയിനുകൾ പിടിച്ചിടുന്നത് മോഷ്ടാക്കൾ വണ്ടിയിൽ കയറാൻ സൗകര്യമൊരുക്കുന്നതിന് തുല്യമാണ്. ഇതവസാനിപ്പിക്കണം.
∙ എസി കംപാർടുമെന്റുകളിലെങ്കിലും വന്ദേഭാരതിനു തുല്യമായി ഓട്ടമാറ്റിക് വാതിലുകൾ സ്ഥാപിക്കണം.
∙ കംപാർട്ടുമെന്റുകളിൽ ഏറ്റവും കുറഞ്ഞത് ഒരു ക്യാമറയെങ്കിലും വേണം.
∙ എല്ലാ ട്രെയിനുകളിലും സ്ഥിരമായി പൊലീസ് സാന്നിധ്യം ഉറപ്പാക്കണം.
∙ പരാതികൾ കൈകാര്യം ചെയ്യാൻ കൃത്യവും കാര്യക്ഷമവുമായ സംവിധാനം ഒരുക്കണം.