ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹവുമായി എത്തിയ രണ്ട് സ്ത്രീകള്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. ടോളി ബാഗിലാക്കിയ മൃതദേഹം ഹൂഗ്ലി നദിയില്‍ കുമാര്‍തുലി ഘട്ടിന് സമീപം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.
സ്ത്രീകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നാട്ടുകാരാണ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് ട്രോളി ബാഗ് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കഷണങ്ങളാക്കി സാരിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു.
മധ്യഗ്രാം നിവാസികളായ ഫാല്‍ഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരാണ് പിടിയിലായത്. സുമിത ഘോഷ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത് എന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടക്കത്തില്‍, അവര്‍ അവകാശപ്പെട്ടത് അവരുടെ വളര്‍ത്തുനായയുടെ മൃതദേഹം കൊണ്ടുനടക്കുകയായിരുന്നു എന്നാണ്. കൊലപാതകത്തിന് കാരണം എന്താണെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.