അസമിൽ 50,000 കോടി വീതം ഒഴുക്കാൻ അംബാനിയും അദാനിയും; മധ്യപ്രദേശിന് നിക്ഷേപകരുടെ 30.77 ലക്ഷം കോടി

Advertisement

ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് അസമിൽ 50,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പും സമാനതുകയുടെ നിക്ഷേപം അസമിന് പ്രഖ്യാപിച്ചു. അസം 2.0 നിക്ഷേപക സംഗമത്തിലാണ് പ്രഖ്യാപനങ്ങൾ.

അടുത്ത 5 വർഷത്തിനകമാണ് റിലയൻസ് 50,000 കോടി രൂപയുടെ വികസന പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുക. 2018ൽ അസമിനായി 5,000 കോടി രൂപയുടെ നിക്ഷേപം റിലയൻസ് പ്രഖ്യാപിച്ചിരുന്നു. പിന്നീടിത് 12,000 കോടി രൂപയായി ഉയർത്തി. ഇതിനേക്കാൾ നാലിരട്ടി അധിക നിക്ഷേപമാണ് ഇപ്പോൾ വാദ്ഗാനം ചെയ്യുന്നതെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. ടെക്നോളജി, ഡിജിറ്റൽ മേഖലയിലായിരിക്കും കൂടുതൽ നിക്ഷേപം. അസമിനെ ‘ടെക്-റെഡി, എഐ-റെഡി സംസ്ഥാനമായി’ ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഗുവാഹത്തിയിൽ നടന്ന അസം 2.0 ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സമ്മിറ്റിലാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും 50,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചത്. വിമാനത്താവളം, എയറോസിറ്റി, ഊർജ വിതരണം, സിമന്റ് ഉൽപാദനം, സിറ്റി ഗ്യാസ് വിതരണം, റോഡ് നിർമാണം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനങ്ങൾക്കാണ് അദാനി ഗ്രൂപ്പ് ഊന്നൽ നൽകുക.

മധ്യപ്രദേശിന് 30.77 ലക്ഷം കോടി

മധ്യപ്രദേശ് സർക്കാർ സംഘടിപ്പിച്ച ആഗോള നിക്ഷേപക ഉച്ചകോടിയിൽ‌ സംസ്ഥാനത്തിന് 30.77 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി. തലസ്ഥാനമായ ഭോപാലിൽ ഫെബ്രുവരി 24, 25 തീയതികളിലായിരുന്നു ഉച്ചകോടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. വ്യവസായ പ്രമുഖരായ ഗൗതം അദാനി, കുമാർ മംഗളം ബിർള തുടങ്ങിയവർ പങ്കെടുത്തിരുന്നു. ജർമനി, ജപ്പാൻ, നെതർലൻഡ്സ്, യുകെ, പോളണ്ട്, മലേഷ്യ, നേപ്പാൾ, മൊറോക്കോ, യുഗാണ്ട, സീഷെൽസ്, റുവാണ്ട, അംഗോള, സിംബാബ്‍വേ, ജമൈക്ക തുടങ്ങിയവ രാജ്യങ്ങളുടെ പ്രതിനിധികളും സംബന്ധിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here