‘പുരുഷന്മാരെക്കുറിച്ചും സംസാരിക്കണം, ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ല’: വിഡിയോ ചിത്രീകരിച്ച് യുവാവിന്റെ ആത്മഹത്യ

Advertisement

ലക്നൗ: ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച് വിഡിയോ ചിത്രീകരിച്ചശേഷം യുവാവ് ജീവനൊടുക്കി. മുംബൈയിൽ ടിസിഎസിൽ മാനേജരായി ജോലി ചെയ്തിരുന്ന മാനവ് ശർമ (25) ആണ് തൂങ്ങിമരിച്ചത്. ഉത്തർ‌പ്രദേശിലെ ആഗ്രയിലാണ് സംഭവം. ജീവനൊടുക്കാനായി കഴുത്തിൽ കുരുക്കിട്ടശേഷമാണ് മാനവ് വിഡിയോ ചിത്രീകരിച്ചത്. ആത്മഹത്യക്ക് മുൻപുള്ള മാനവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയാണ്. കരഞ്ഞുകൊണ്ടാണ് മാനവ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ദയവായി, ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണമെന്നാണ് വിഡിയോയിൽ‌ മാനവ് പറയുന്നത്. പുരുഷന്മാർ വളരെ ഏകാന്തത അനുഭവിക്കുന്നുവെന്നും മാനവ് പറയുന്നു. വിഡിയോയിൽ മാതാപിതാക്കളോട് മാനവ് ക്ഷമ ചോദിക്കുന്നുണ്ട്. തന്റെ മരണശേഷം തന്റെ മാതാപിതാക്കളെ തൊട്ടുപോകരുതെന്ന് ഭാര്യയോട് മാനവ് പറയുന്നു. താൻ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ട്.

മരണത്തിനു പിന്നാലെ മാനവ് ശർമയുടെ പിതാവ് പൊലീസിൽ പരാതി നൽകി. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ മാനവിന്റെ ഭാര്യ നികിത ശർമ നിഷേധിച്ചു. മാനവ് മദ്യാസക്തികൊണ്ട് ബുദ്ധിമുട്ടുന്നയാളായിരുന്നുവെന്നാണ് ഭാര്യ നികിത പറയുന്നത്. ‘‘അദ്ദേഹം അമിതമായി മദ്യപിക്കുമായിരുന്നു. പലതവണ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്. മൂന്നുതവണ ഞാനാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്. മദ്യപിച്ചാൽ അദ്ദേഹം എന്നെ ഉപദ്രവിക്കുമായിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ മാതാപിതാക്കളോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ പറഞ്ഞതെല്ലാം അവർ അവഗണിക്കുകയായിരുന്നു. ആളുകൾ എന്റെ ഭാഗം കേൾക്കണം.’’ – നികിത പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here