ചെന്നൈ: ഡിണ്ടിഗൽ സിരുമലയിൽ കോട്ടയം ഇളങ്ങുളം സ്വദേശി കൊല്ലപ്പെട്ടത് അബദ്ധത്തിലുണ്ടായ സ്ഫോടനം കാരണമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. കൃഷിത്തോട്ടത്തിലെ ആവശ്യങ്ങൾക്കായി കേരളത്തിൽനിന്ന് കൊണ്ടുവന്ന സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതും ചെങ്ങളം ഒട്ടയ്ക്കൽ കൊച്ചിലാത്ത് സാബു ജോൺ (59) കൊല്ലപ്പെട്ടതുമെന്ന് പൊലീസ് പറഞ്ഞു.
ഡിണ്ടിഗൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലും സമാന സൂചനകളാണുള്ളത്. തോട്ടങ്ങളും മറ്റും പാട്ടത്തിനെടുത്തിരുന്ന സാബു, കൃഷിയിടത്തിൽ കിണർ കുഴിക്കുന്നതിനായാണു ജലറ്റിൻ സ്റ്റിക് അടക്കം വാങ്ങിയതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഡിണ്ടിഗൽ പൊലീസിന്റെ പ്രത്യേകസംഘം കേരളത്തിലെത്തി ബന്ധുക്കളിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചെങ്കിലും ദുരൂഹതകളുടെ സൂചനയില്ല.
വ്യാഴാഴ്ച രാത്രി ചുരം റോഡിലെ സിരുമലയിൽ നിന്നാണു സാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൊബൈൽ ഫോൺ ചാർജറും വയറുകളും ബാറ്ററിയും സമീപമുണ്ടായിരുന്നു. സ്ഫോടനത്തിന്റെ സൂചനകളുണ്ടായിരുന്നതിനാൽ എൻഐഎ ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു. സിരുമലയിൽ മാന്തോട്ടം പാട്ടത്തിനെടുത്തെന്നും അവിടേക്കു പോകുകയാണെന്നുമാണ് മൂന്നാഴ്ച മുൻപേ വീട്ടിൽനിന്നു പുറപ്പെടുമ്പോൾ സാബു പറഞ്ഞിരുന്നത്.