സ്കൂട്ടറിൽ വന്ന യുവതികൾ തോളിൽ ഏതോ ജീവി ഇരിക്കുന്നുണ്ടെന്ന് പറഞ്ഞു, തിരിഞ്ഞുനോക്കിയ നേരം കൊണ്ട് മാല പൊട്ടിച്ചു

Advertisement

കോയമ്പത്തൂർ: 54 വയസുകാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവതികളെ നാട്ടുകാർ പിന്തുടർന്ന് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. കോയമ്പത്തൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. നാലര പവൻ തൂക്കമുള്ള മാലയായിരുന്നു ഇവർ അപഹരിച്ചതെന്ന് പൊലീസ് പറഞ്ഞു. തിരുപ്പൂർ കരണംപേട്ട സ്വദേശികളായ എസ്. കൃഷ്ണവേണി (37), ബി അഭിരാമി (36) എന്നിവരാണ് പിടിയിലായത്.

പീലമേട് സ്വദേശിനിയായ ഗീതാമണിയുടെ മാലയാണ് ഇവർ മോഷ്ടിച്ചത്. രാത്രി 9.45ഓടെ വീടിന് സമീപം വളർത്തുനായയുമായി നിൽക്കുയായിരുന്നു ഇവരുടെ അടുത്തേക്ക് രണ്ട് യുവതികൾ സ്കൂട്ടറിൽ എത്തുകയായിരുന്നു. ഗീതാമണിയുടെ തോളിൽ എന്തോ പ്രാണി ഇരിക്കുന്നുണ്ടെന്ന് ഇവർ പറഞ്ഞു. അത് പരിശോധിക്കാനായി തിരിഞ്ഞുനോക്കിയ സമയം കൊണ്ട് സ്കൂട്ടറിന് പിന്നിൽ ഇരിക്കുകയായിരുന്ന അഭിരാമി മാല പൊട്ടിച്ചു. ഉടൻ തന്നെ സ്കൂട്ടറിൽ രക്ഷപ്പെടുകയും ചെയ്തു.

ഗീതാമണി ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ അയൽക്കാർ ബൈക്കുകളിൽ രണ്ട് യുവതികളെയും പിന്തുടർന്ന്. ഏതാനും കിലോമീറ്റർ അകലെ വെച്ച് ഇവ‍ർ പിടിയിലായി. പിന്നീട് നാട്ടുകാർ പൊലീസിനെ വിളിച്ചുവരുത്തി ഇവരെ കൈമാറുകയായിരുന്നു. ഒരു സ്വയംസഹായ സംഘത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നുവെന്നും ഇത് തിരിച്ചടയ്ക്കാൻ വഴിയില്ലാതെ വന്നപ്പോൾ പണം കണ്ടെത്താനായി മാല മോഷ്ടിച്ചതാണെന്നും ഇവ‍ർ പൊലീസിനോട് പറഞ്ഞു.

ഏതാനും ആഴ്ച മുമ്പ് തുടയാലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു യുവതിയുടെ അഞ്ച് പവന്റെ മാല മോഷ്ടിച്ച സംഭവത്തിന് പിന്നിൽ ഇവരാണെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് ഗാന്ധി മാ നഗറിൽ വയോധികയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇരുവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here