കോയമ്പത്തൂർ; സ്കൂളിലെ ക്ലാസ് മുറിയിൽ ഒന്നാം പീരിയഡ് കഴിയുമ്പോഴേക്കും അമീഷയ്ക്കും അക്ഷരയ്ക്കും അമ്മയ്ക്ക് സുഖമില്ലെന്ന വാർത്തയെത്തി. തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക് വീട്ടിൽ നിന്നിറങ്ങുമ്പോൾ ഉച്ചയ്ക്കുള്ള ഭക്ഷണം അടക്കം കരുതിയാണ് അമ്മ സംഗീത സ്കൂളിലേക്ക് അയച്ചത്. ഇത് കഴിഞ്ഞുവേണം സംഗീതയ്ക്കും സ്കൂളിലേക്ക് പോകാൻ. അമ്മയ്ക്ക് അപകടം പറ്റിയെന്ന വിവരമറിഞ്ഞ് സ്കൂളിലെ അധ്യാപകരോടൊപ്പം വീട്ടിലെത്തുന്നതിന് മുമ്പേ ആൾക്കൂട്ടം കണ്ട് അത്യാഹിതം മണത്ത പതിനൊന്നാം ക്ലാസുകാരി അമീഷ പൊട്ടിക്കരഞ്ഞു. ചേച്ചിയുടെ സങ്കടം കാണാനാവാതെ അക്ഷരയുടെ നിലവിളിയും ഉച്ചത്തിലായതോടെ അയൽക്കാർക്കും കൂടെ വന്ന അധ്യാപികമാർക്കും കുട്ടികളെ സമാധാനിപ്പിക്കാൻ ആയില്ല.
സംശയത്തെത്തുടർന്ന് കോയമ്പത്തൂർ സ്വദേശിനിയും സ്വകാര്യ സ്കൂൾ അധ്യാപികയുമായ സംഗീതയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കൃഷ്ണ കുമാർ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതോടെ അനാഥരായിരിക്കുകയാണ് ഇവരുടെ രണ്ട് പെൺമക്കൾ. സംഗീതയുടെ മൃതദേഹം വീട്ടിൽ നിന്ന് മാറ്റുന്നതിന് മുമ്പായി കുട്ടികളെ ഒരു നോക്ക് കാണിച്ചാണ് പൊലീസും മടങ്ങിയത്. അമ്മയ്ക്കും അച്ഛനുമിടയിൽ അസ്വാരസ്യങ്ങളും വഴക്കും ഉണ്ടാവുമെങ്കിലും അച്ഛൻ കൊലപ്പെടുത്തുമെന്ന് ഇവരാരും പ്രതീക്ഷിച്ചില്ല. കൃഷ്ണകുമാറിന്റെ ചില കൂട്ടുകാർ ഒഴിച്ച് സമീപവാസികൾ പോലും ഇരുവർക്കും പ്രശ്നങ്ങളുള്ളതായി അറിഞ്ഞില്ലെന്നതാണ് വാസ്തവം. അമ്മ മടങ്ങിയതോടെ അമ്മൂമ്മയുടെ തണലിലാണ് അമീഷയും അക്ഷരയും രാത്രി കഴിഞ്ഞത്.
പട്ടണംപുതൂരിലെ സുലൂരിലായിരുന്നു കൃഷ്ണകുമാറും സംഗീതയും പെൺമക്കളും താമസിച്ചിരുന്നത്. പിതാവ് സുന്ദരൻ അസുഖബാധിതനായതോടെയാണു വണ്ടാഴിയിലെ കുടുംബ വീട്ടിലേക്ക് കൃഷ്ണകുമാർ താമസം മാറ്റിയത്. സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്ന കൃഷ്ണകുമാർ ഭാര്യയെ കൊലപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം വാട്സാപ് ഗ്രൂപ്പിൽ ഭീഷണി മുഴക്കിയിരുന്നു. സിംഗപ്പൂരിലും മലേഷ്യയിലും ജോലി ചെയ്തിരുന്ന കൃഷ്ണകുമാർ പ്രണയിച്ചാണ് കോയമ്പത്തൂർ സ്വദേശിനിയായ സംഗീതയെ വിവാഹം കഴിച്ചത്. നായിഡു വിഭാഗക്കാരിയായ സംഗീത ഇടയ്‌ക്കെല്ലാം പാലക്കാട് വണ്ടാഴിയിലുള്ള കൃഷ്ണകുമാറിന്റെ വീട്ടിൽ വന്നിരുന്നു.
പുലർച്ചെ വണ്ടാഴിയിൽ നിന്ന് സുലൂരിലെത്തിയ കൃഷ്ണകുമാർ പെൺമക്കൾ സ്കൂളിലേക്കു പോകാനായി കാത്തു നിന്ന ശേഷമാണ് കൊലപാതകം നടത്തിയത്. സംഗീതയെ വകവരുത്തിയ ശേഷം കാറിൽ വണ്ടാഴിയിലേക്കു മടങ്ങിയ കൃഷ്ണകുമാർ താൻ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും അടുത്ത ബന്ധുവിനോട് ഫോണിലൂടെ അറിയിച്ചിരുന്നു. വീട്ടിലെത്തി കാറിൽ നിന്നിറങ്ങിയ ഉടൻ തന്നെ കൃഷ്ണകുമാർ നാടൻ തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു.