മംഗളുരു: സ്വകാര്യ കമ്പനി ജീവനക്കാരനെ ലോഡ്ജ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് ഗാസിപൂർ സ്വദേശിയായ 40കാരൻ അഭിഷേക് സിങാണ് മംഗളുരുവിൽ വെച്ച് ജീവനൊടുക്കിയത്. 20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്കെതിരെ നിരവധി ആരോപണങ്ങൾ ഈ വീഡിയോയിൽ അഭിഷേക് സിങ് ഉന്നയിക്കുന്നുണ്ട്.
സുഹൃത്തുക്കളോടൊപ്പം ഒരു എക്സിബിഷനിൽ പങ്കെടുക്കാനായാണ് അഭിഷേക് സിങ് മംഗളുരുവിലെത്തിയത്. താനുമായി പ്രണയത്തിലായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥ തന്നെ കബളിപ്പിച്ചെന്നും നേരത്തെ വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നുമുള്ള വിവരങ്ങൾ മറച്ചുവെച്ചെന്നും വീഡിയോയിൽ പറയുന്നു. ഇതിന് പുറമെ തന്റെ സ്വർണാഭരണങ്ങൾ ഇവർ വാങ്ങിയെടുത്തുവെന്നും വീഡിയോയിൽ ആരോപിക്കുന്നുണ്ട്. അഭിഷേകിന്റെ ബന്ധുക്കൾ നൽകിയ പരാതി പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി.
സിഐഎസ്എഫിൽ അസിസ്റ്റന്റ് കമാണ്ടന്റയി ജോലി ചെയ്യുന്ന യുവതി, താൻ വിവാഹിതയാണെന്ന വിവരം മറച്ചുവെച്ച് ബന്ധം സ്ഥാപിച്ചുവെന്നും ലൈംഗികമായി ചൂഷണം ചെയ്തുവെന്നും മാനസിക പീഡനമേൽപ്പിച്ചുവെന്നും വീഡിയോയിൽ ആരോപിക്കുന്നു. എട്ട് ലക്ഷം രൂപയും സ്വർണാഭരണങ്ങൾ ഇവർ വാങ്ങി. യുവതിക്ക് മറ്റ് പലരുമായും സമാന തരത്തിൽ ബന്ധമുണ്ടെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെ അഭിഷേക് തന്റെ സഹോദരനെ വിളിച്ച്, യുവതി വിവാഹത്തിന് വിസമ്മതിച്ചുവെന്നും നേരത്തെ വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നും വെളിപ്പെടുത്തിയെന്നും അറിയിക്കുകയായിരുന്നു. യുവതിയെക്കുറിച്ചുള്ള യാഥാർത്ഥ്യം മനസിലാക്കിയ ശേഷം മാനസികമായി തകർന്നുപോയ യുവാവ് പിന്നീട് ജീവനൊടുക്കുകയായിരുന്നു എന്ന് കുടുംബത്തിന്റെ പരാതിയിൽ ആരോപിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)